മാനേജറെ മര്‍ദിച്ച കേസ്; ഉണ്ണിമുകുന്ദന് സമന്‍സ്
Kerala
മാനേജറെ മര്‍ദിച്ച കേസ്; ഉണ്ണിമുകുന്ദന് സമന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2025, 9:06 am

കൊച്ചി: മാനേജറെ മര്‍ദിച്ച കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ട്. ഒക്ടോബര്‍ 27ന് ഹാജരാകണമെന്നാണ് നിര്‍ദേശം.

വിപിന്‍ കുമാറിന്റെ പരാതിയിലാണ് ഉണ്ണിമുകുന്ദനെതിരായ കേസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് നടനെതിരെ കേസ് എടുത്തത്. ഉണ്ണിമുകുന്ദന്‍ കരണത്തടിച്ചുവെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്.ഐ.ആര്‍.

എന്നാല്‍ തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് എറണാകുളം ജില്ലാ കോടതിയില്‍ ഉണ്ണിമുകുന്ദന്‍ ഹരജി നല്‍കിയിരുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് പരാതിക്ക് കാരണമെന്നും ആരോപിച്ചിരുന്നു.

അതേസമയം വിപിന്റെ കണ്ണട ഊരിമാറ്റി പൊട്ടിച്ചു എന്നത് സത്യമാണെന്നും പക്ഷേ ശാരീരികമായി മര്‍ദിച്ചിട്ടില്ലെന്നും ഉണ്ണിമുകുന്ദന്‍ പ്രതികരിച്ചിരുന്നു. വിപിനെതിരെ മറ്റു പല ആരോപണങ്ങളും ഉണ്ണിമുകുന്ദന്‍ ഉന്നയിച്ചിരുന്നു.

ഉണ്ണിമുകുന്ദന്‍ നായകനായെത്തിയ ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം പ്രതീക്ഷിച്ചത്ര വിജയം കണ്ടിരുന്നില്ല. ഈ സമയത്ത് മാനേജര്‍ വിപിന്‍ കുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ മറ്റൊരു ചിത്രത്തെ പ്രകീര്‍ത്തിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇതില്‍ പ്രകോപിതനായാണ് നടന്‍ മര്‍ദിച്ചതെന്നാണ് വിപിന്റെ പരാതിയില്‍ പറയുന്നത്. അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ചെന്നുമായിരുന്നു പരാതി.

പൊലീസിലും ഫെഫ്കയിലും ഉള്‍പ്പെടെയാണ് വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. ടൊവിനോ തോമസ് നായകനായെത്തിയ മുത്തങ്ങ സമരത്തെ ആസ്പദമാക്കി ഒരുക്കിയ നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാണ് ഉണ്ണിമുകുന്ദന്‍ വിപിനെ മര്‍ദിച്ചത്.

Content Highlight: Unni Mukundan summoned in manager Vipin Kumar assault case