റോജയിലെ പുതുവെള്ളൈ മഴൈ എന്ന പാട്ട് മൂളിപ്പാടാത്ത ഒരാൾ പോലും ഉണ്ടാകില്ല. പാടാനറിയാത്തവർ പോലും ആ പാട്ട് പാടിയിരിക്കും. അത്രയ്ക്ക് മനോഹരമാണ് ആ ഗാനം. എ.ആർ.റഹ്‌മാൻ ഈണമിട്ട് ഉണ്ണി മേനോനും സുജാത മോഹനുമാണ് പുതുവെള്ളൈ മഴൈ എന്ന പാട്ട് പാടിയിരിക്കുന്നത്. എന്നാൽ ആ പാട്ടിന് പിന്നിൽ ഉണ്ണി മേനോന് പറയാൻ ഒരു കഥയുണ്ട്.
എ.ആർ. റഹ്‌മാനെ ഉണ്ണി മേനോന് നേരത്തേ അറിയാം. അർജുനൻ മാഷിന്റെയും ജോൺസൺ മാഷിന്റെയുമൊപ്പം കീബോർഡ് വായിക്കുന്ന സമയത്തേയുള്ള പരിചയമാണ് എ.ആർ. റഹ്‌മാനുമായിട്ട് ഉണ്ണി മേനോനുള്ളത്. മാത്രമല്ല, ഔസേപ്പച്ചൻ സംഗീതം നിർവഹിച്ച ഒരു ആൽബത്തിന് പ്രോഗ്രാമിങ് ചെയ്തത് റഹ്‌മാനായിരുന്നു. അങ്ങനെയും റഹ്‌മാനെ ഉണ്ണി മേനോന് അറിയാം.
‘ഞാനും സുജാതയുമാണ് അത് പാടിയത്. അന്നേ അധികം ആരോടും വലിയ സംസാരമൊന്നുമില്ല എനിക്ക്. കൃത്യസമയത്ത് വരും. ജോലി ചെയ്യും, പോവും. അതാണ് രീതി.
ഒരു ദിവസം റഹ്‌മാൻ വിളിച്ചു. ‘പുതിയൊരു പ്രോജക്ട് വന്നിട്ടുണ്ട്. കാണണം’ എന്ന് പറഞ്ഞു. ഞാൻ ചെല്ലുമ്പോൾ പ്രമുഖരുടെ ഒരു നിരയുണ്ട് അവിടെ. സംവിധായകൻ മണിരത്‌നം, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയ പ്രമുഖരായിരുന്നു.
റഹ്‌മാൻ എന്നോട് പറഞ്ഞു. ‘പാട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഉപേക്ഷിക്കും. സംഗീതം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇവർ എന്നെയും ഉപേക്ഷിക്കും’ എന്ന്,’ ഉണ്ണി മേനോൻ പറയുന്നു.
അങ്ങനെയാണ് ഉണ്ണി മേനോൻ പുതുവെള്ളൈ മഴൈ പാടുന്നത്. പിന്നീട് നടന്നത് ചരിത്രമാണ്. എ.ആർ. റഹ്‌മാന്റെ 26 പാട്ടുകളാണ് ഉണ്ണി മേനോൻ പാടിയത്. പാടിയ പാട്ടുകളെല്ലാം തന്നെ സൂപ്പർ ഹിറ്റ് പാട്ടുകളും.
നല്ല സംഗീത സംവിധായകൻ മാത്രമല്ല, നല്ലൊരു മനുഷ്യനും കൂടിയാണ് എ.ആർ. റഹ്‌മാൻ എന്നാണ് ഉണ്ണി മേനോൻ പറയുന്നത്. പാട്ടുകാരോട് എ.ആർ. റഹ്‌മാന് ബഹുമാനം ആണെന്നും അർഹമായ പ്രതിഫലം പാട്ടുകാർക്ക് വാങ്ങിത്തരുമെന്നും അത് അദ്ദേഹത്തിന് നിർബന്ധമാണെന്നും ഉണ്ണി മേനോൻ പറയുന്നു.