രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെ സമൂഹത്തിലെ പല തട്ടിലുള്ളവര്‍ക്കും വ്യാജനിര്‍മ്മിതി മൂലം പ്രതിഛായ നഷ്ടപ്പെടുമ്പോള്‍ അത് അവരുടെ കുടുംബത്തേയും ബാധിക്കുമെന്നും, അതുപോലൊരു കുടുംബത്തിന്റെ കഥയാണ് പ്രതിഛായ എന്നും നടന്‍ നിവിന്‍ പോളി.

ഉണ്ണികൃഷ്ണന്‍ ബി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘പ്രതിഛായ’ മാര്‍ച്ച് 26ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അവതാരക രജ്ഞിനി ഹരിദാസ് ചിത്രത്തിലെ പ്രധാന താരങ്ങളുമായി നടത്തിയ ഡിന്നര്‍ മീറ്റില്‍ സംസാരിക്കവെയാണ് നിവിന്‍ പോളി സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവച്ചത്.

‘എല്ലാവര്‍ക്കും ഒരു പ്രതിഛായ ഉണ്ട്. അത് പലകാരണങ്ങളാല്‍ നഷ്ടപ്പെട്ട് പോകാം. വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു ഇമേജ് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെടാം. ശരിയായ ആരോപണങ്ങള്‍ കാരണമോ, വ്യാജനിര്‍മ്മിതി കാരണമോ അത് സംഭവിക്കാം. പക്ഷെ ഈ പ്രതിഛായ നഷ്ടത്തിന്റെ ബാക്കിപത്രം അനുഭവിക്കേണ്ടിവരുന്നത് ആ വ്യക്തി മാത്രമല്ല, അയാളുടെ കുടുംബവും കൂടെയാണ്. അതിനെക്കുറിച്ചാണ് പ്രതിഛായ എന്ന സിനിമ സംസാരിക്കുന്നത്.

എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഒരു കുടുംബമുണ്ട്. അവര്‍ക്കെതിരെ വരുന്ന ആരോപണങ്ങളില്‍ കുടുംബവും പെട്ടുപോകുന്നുണ്ട്. ഇതാണ് പ്രതിഛായയുടെ കഥയെന്നും നിവിന്‍ പോളി പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണത അവതരിപ്പിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായകന്‍ വൈറ്റ്, വില്ലന്‍ ബ്ലാക്ക് എന്ന രീതിയല്ല. എല്ലാവര്‍ക്കും ഗ്രേ ഷേഡുകളാണ്. ഈ സിനിമയില്‍ വില്ലനിലും ഒരു നായകന്‍ ഉണ്ട്,’എന്നും നിവിന്‍ വ്യക്തമാക്കി.

സാധാരണ സിനിമകളില്‍ ചില ബന്ധങ്ങള്‍ക്കാണ് കൂടുതല്‍ ആഴം ലഭിക്കുന്നതെങ്കിലും ‘പ്രതിഛായ’യില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്‌പേസും അടിത്തറയും ഉണ്ടെന്ന് ടീമംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഫാമിലി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു സമ്പൂര്‍ണ്ണ ഡ്രാമയായിരിക്കും ചിത്രം എന്നും അവര്‍ പറഞ്ഞു.

മണിയന്‍പിള്ള രാജു ചിത്രം തന്റെ കരിയറിലെ മികച്ചതും വലുതുമായ സിനിമയാണെന്ന് വിശേഷിപ്പിച്ചു. നിവിന്‍ പോളിക്ക് ഇത് ഒരു മൈല്‍സ്റ്റോണ്‍ ചിത്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിശ്രീ അശോകന്‍ നാല്‍പ്പത് വര്‍ഷം നീണ്ട തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലേതെന്ന് പറഞ്ഞു.

അതേസമയം, ആദ്യ ചിത്രം ആയിരുന്നിട്ടും തനിക്ക് ആശങ്കകളൊന്നും ഉണ്ടായിരുന്നില്ലെന്ന് നടി നീതു കൃഷ്ണ പറഞ്ഞു. ബി. ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ നേതൃപാടവമാണ് അതിന് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ‘ഒരു പുതുമുഖമായിട്ടും സെറ്റില്‍ വളരെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. സംവിധായകന്‍ അഭിനേതാക്കളെ ഗൈഡ് ചെയ്യുകയും ഒരു കംഫര്‍ട്ടബിള്‍ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു,’ എന്നും നീതു കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിലെ നായകനും വില്ലനും കൃത്യമായ അടിത്തറയുള്ള കഥാപാത്രങ്ങളാണെന്ന് ഷറഫുദ്ധീന്‍ പറഞ്ഞു. സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ബി, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗര്‍, ആര്‍.ജെ വിജിത, വൈശാഖ് ശങ്കര്‍, മേഘ തോമസ്, അനീന, ബാലതാരങ്ങളായ ധ്വനി, ഫൈസ എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തു.

ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിന്‍ വര്‍ഗീസാണ്. ബൈജു ഗോപാലന്‍, വി.സി പ്രവീണ്‍ എന്നിവര്‍ സഹനിര്‍മാതാക്കള്‍ ആകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ കൃഷ്ണമൂര്‍ത്തി, ദുര്‍ഗ ഉണ്ണികൃഷ്ണന്‍ എന്നിവരാണ്. ഗോകുലം ഗോപാലനും ആര്‍.ഡി ഇലുമിനേഷന്റസ് എല്‍.എല്‍.പിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം രാഷ്ട്രീയവും കുടുംബബന്ധങ്ങളും ചേര്‍ന്ന ഒരു ശക്തമായ ഫാമിലി ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്.

Content Highlight: Unni Krishnan B, Nivin Pauly, and Harishree Ashokan share details of their upcoming film Prathichaaya