ഉന്നാവോ ലൈംഗികാതിക്രമ കേസിലെ ഇരയുടെ വാഹനം അപകടത്തില്‍പ്പെട്ടു; അമ്മയും ബന്ധുവും കൊല്ലപ്പെട്ടു
Accident
ഉന്നാവോ ലൈംഗികാതിക്രമ കേസിലെ ഇരയുടെ വാഹനം അപകടത്തില്‍പ്പെട്ടു; അമ്മയും ബന്ധുവും കൊല്ലപ്പെട്ടു
ന്യൂസ് ഡെസ്‌ക്
Sunday, 28th July 2019, 8:14 pm

ലക്‌നൗ: ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നല്‍കിയ യുവതി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അമ്മയും ബന്ധുവും കൊല്ലപ്പെട്ടു. വാഹനം ഓടിച്ചിരുന്ന അഭിഭാഷകനും യുവതിയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

റായ്ബറേലിയിലാണ് അപകടമുണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടതായും മഴയാണ് അപകട കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുവതിയുടെ പിതാവ് നേരത്തെ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. മകളെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ കുടുംബത്തോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയ്ക്കുമുന്നില്‍ നേരത്തെ പ്രതിഷേധിക്കുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പിതാവ് പൊലീസ് കസ്റ്റഡിയില്‍വെച്ച് മരണപ്പെടുകയായിരുന്നു.

2017ല്‍ എം.എല്‍.എയുടെ വീട്ടില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.