സർവകലാശാല വിവാദം; അക്കാദമിക് കൗൺസിൽ യോഗം വിളിച്ച് മിനി കാപ്പൻ
Kerala
സർവകലാശാല വിവാദം; അക്കാദമിക് കൗൺസിൽ യോഗം വിളിച്ച് മിനി കാപ്പൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th July 2025, 11:12 am

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സസ്‌പെൻഷൻ വിവാദം മുറുകുമ്പോൾ നിലപാട് കടുപ്പിച്ച് വി.സി മോഹനൻ കുന്നുമ്മേൽ. രജിസ്ട്രാർ ഇൻ ചാർജായ മിനി കാപ്പനെ മുൻനിർത്തി വീണ്ടും നീക്കം നടത്തിയിരിക്കുകയാണ് വി.സി. ഓഗസ്റ്റ് 14 ന് അക്കാദമിക് കൗൺസിൽ യോഗം വിളിച്ച് രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ നോട്ടീസ് നൽകി. സിൻഡിക്കേറ്റ് വിളിക്കണമെന്ന ആവശ്യം അവഗണിച്ചാണ് ഈ നീക്കം.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിദേശ വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ യോഗം വിളിച്ച് ചേർക്കുകയും അതിന്റെ ചുമതല രജിസ്ട്രാർ ഇൻ ചാർജായിട്ടുള്ള മിനി കാപ്പൻ നൽകുകയും ചെയ്തിരുന്നു.

ഈ യോഗത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു. രജിസ്ട്രാറായ കെ.എസ് അനിൽകുമാർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹത്തിന്റെ മൈക്രോഫോൺ മ്യൂട്ട് ചെയ്ത അവസ്ഥയിലായിരുന്നുവെന്നും റിപ്പോർട്ടുകൾ വരുന്നു.

അതിന്റെ പിന്നാലെയാണ് രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്നുകൊണ്ട് മിനി കാപ്പൻ ആദ്യമായി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14 ന് അക്കാദമിക് കൗൺസിൽ യോഗം ഉണ്ടെന്നും ആ യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നുമായിരുന്നു ഉത്തരവിൽ പ്രധാനമായും പറയുന്നത്.

ഈ മാസം അവസാനത്തോടെ സിൻഡിക്കേറ്റ് യോഗം വിളിച്ച് ചേർക്കാനുള്ള ബാധ്യത വി.സിക്കുണ്ട്. എന്നാൽ അതിന് മുതിരാതെയാണ് ഇപ്പോൾ രജിസ്ട്രാർ ഇൻ ചാർജിനെ ഉപയോഗിച്ച് അക്കാദമിക് കൗൺസിൽ യോഗം വിളിച്ച് ചേർത്തിരിക്കുന്നതെന്ന വിമർശനം ഉയരുന്നുണ്ട്.

 

Content Highlight: University controversy; Mini Kappan calls academic council meeting