മാധ്യമങ്ങള്‍ ആദ്യം പുറത്തുപോകൂ; ബാക്കിയെല്ലാം പിന്നീട്; അല്ലെങ്കില്‍ പൊലീസിനെ വിളിക്കും; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യപ്രവര്‍ത്തകരോട് യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍
Kerala
മാധ്യമങ്ങള്‍ ആദ്യം പുറത്തുപോകൂ; ബാക്കിയെല്ലാം പിന്നീട്; അല്ലെങ്കില്‍ പൊലീസിനെ വിളിക്കും; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യപ്രവര്‍ത്തകരോട് യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 2:16 pm

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് കാമ്പസ് വിട്ട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍.

മാധ്യമങ്ങള്‍ ആദ്യം പുറത്തുപോകണമെന്നും അല്ലാത്തപക്ഷം പൊലീസിനെ വിളിക്കേണ്ടി വരുമെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം. കോളേജില്‍ നിന്നും പുറത്തേക്ക് വന്ന പ്രിന്‍സിപ്പലിനോട് വിദ്യാര്‍ത്ഥിക്ക് കുത്തേല്‍ക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

കുത്തേറ്റതിന്റെ സാഹചര്യം അറിയില്ലെന്നും അഡ്മിഷന്റെ തിരക്കായിരുന്നുവെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ ആദ്യ പ്രതികരണം.

എന്താണ് കാമ്പസില്‍ സംഭവിക്കുന്നത എന്ന ചോദ്യത്തിന് ” ഇന്ന് അഡിമിഷന്റെ ലാസ്റ്റ് ഡേറ്റാണ്. സമയമുണ്ടായിരുന്നില്ല. അവിടെ ഇരിക്കുകയായിരുന്നു. ഇതൊന്നും അറിഞ്ഞില്ല ആദ്യം നിങ്ങള്‍ പുറത്തുപോകൂ. അതാണ് ആദ്യം ചെയ്യേണ്ടത്. മറ്റ് കാര്യം പിന്നീട് അന്വേഷിക്കും. നിങ്ങള്‍ കാമ്പസ് വിട്ടു പുറത്തുപോകൂ. അല്ലെങ്കില്‍ പൊലീസ് കേസ് എടുക്കേണ്ടി വരും. നിങ്ങള്‍ക്ക് പിന്നീട് വന്ന് ചോദിക്കാം. കാര്യം തിരക്കിയ ശേഷം പറയാം. ഇപ്പോള്‍ പോയ്‌ക്കോളും. ”- എന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്.

നേരത്തെ മാധ്യമപ്രവര്‍ത്തകരെ കാമ്പസില്‍ നിന്നും പുറത്താക്കാനായി എസ്.എഫ്.ഐ നേതാക്കളെന്ന് ആവശ്യപ്പെടുന്ന ചിലര്‍ എത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ നിര്‍ബന്ധപൂര്‍വം പുറത്താക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.