ജയിലില്‍ വധഭീഷണിയെന്ന് ശിവരഞ്ജിത്തും നസീമും; പ്രതികളെ ജയില്‍ മാറ്റാന്‍ ഉത്തരവ്
kERALA NEWS
ജയിലില്‍ വധഭീഷണിയെന്ന് ശിവരഞ്ജിത്തും നസീമും; പ്രതികളെ ജയില്‍ മാറ്റാന്‍ ഉത്തരവ്
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 7:58 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖില്‍ വധശ്രമക്കേസിലെ പ്രതികളെ ജില്ലാ ജയിലില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്. പ്രതികളായ ശിവ രഞ്ജിത്തും നസീമും നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

ജില്ലാ ജയിലിനുള്ളില്‍ പകര്‍ച്ചവ്യാധി പടരാനുള്ള സാധ്യതയുണ്ടെന്നും വധഭീഷണിയുണ്ടെന്നും അതിനാല്‍ ജയില്‍ മാറ്റം വേണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. കരമനയില്‍ അനന്തുവെന്ന യുവാവിനെ തല്ലികൊന്ന പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന വാദം പരിഗണിച്ചാണ് ജയില്‍മാറ്റാന്‍ കോടതി ഉത്തരവിട്ടത്.

അതേസമയം ജയിലിനുള്ളില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളോ പകര്‍ച്ച വ്യാധികളോ ഇല്ലെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ആക്രമണത്തിന്റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്.
ക്യാമ്പസിന് അകത്ത് തന്നെയാണ് പ്രതികള്‍ അഖിലിനെ കുത്താന്‍ ഉപയോഗിച്ച് ആയുധം ഒളിപ്പിച്ചിരുന്നത്.