മലപ്പുറം: സമസ്ത ലയനത്തിനായി ശ്രമങ്ങള്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ തുടരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയിദ് സാദിഖലി ശിഹാബ് തങ്ങള്‍. സമസ്തയുടെ ലയനത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. ഇതിനുള്ള ശ്രമങ്ങള്‍ സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തിന് ശേഷം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെയും സമസ്തയിലെ ഇ.കെ-എ.പി വിഭാഗങ്ങളിലെ ലയനത്തെ സംബന്ധിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. പിന്നീട് കോവിഡ് കാലത്താണ് ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിന്നുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.
സമുദായത്തിന്റെ ഐക്യത്തിനായുള്ള ശ്രമം ലീഗ് നടത്തുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞദിവസം സമസ്ത ലയനത്തെ ചിലര്‍ ഭയപ്പെടുത്തുന്നുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിമര്‍ശിച്ചിരുന്നു. ഇ.കെ-എ.പി വിഭാഗങ്ങള്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഏകദേശം പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തിട്ടുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു.
വിശദമായ ചര്‍ച്ച അടുത്തുതന്നെ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
മലപ്പുറത്ത് ചേര്‍ന്ന സമസ്ത യോഗത്തില്‍ തര്‍ക്കപരിഹാരം ലക്ഷ്യമിട്ട് എം.സി മാഹീന്‍ ഹാജി ചെയര്‍മാനായി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് രൂപീകരിച്ച മറ്റ് കമ്മിറ്റികളെല്ലാം ഈ കമ്മിറ്റിക്ക് കീഴിലായിരിക്കുമെന്നും അറിയിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തിയതോടെ സമസ്തയില്‍ വീണ്ടും മറ്റൊരു തര്‍ക്കത്തിന് തുടക്കമിട്ടിരുന്നു. മറ്റ് കമ്മിറ്റികളും സാധാരണപോലെ തുടരുമെന്നും ഒന്നിനും കീഴിലല്ല മറ്റൊന്നുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എല്ലാ കമ്മിറ്റികളെ പോലെ തന്നെ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് പ്രവര്‍ത്തിക്കാമെന്നും ഹമീദ് ഫൈസി വിശദീകരിച്ചിരുന്നു.
ഇതിനെ തള്ളി ജിഫ്രി തങ്ങളും രംഗത്തെത്തി. മറ്റ് കമ്മിറ്റികളെ ഏകോപിപ്പിക്കാനാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നായിരുന്നു ജിഫ്രി തങ്ങളുടെ വിശദീകരണം.
അതേസമയം, സമസ്തയിലെ ലയനം അനിവാര്യമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപ്പാറയും പ്രതികരിച്ചിരുന്നു. മുസ്‌ലിം ലീഗിന് ലയനം സാധ്യമാക്കാന്‍ സാധിക്കുമെന്നും ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇ.കെ-എ.പി വിഭാഗങ്ങള്‍ക്കിടയിലുള്ളത് സംഘടനാപരമായ പ്രശ്‌നങ്ങളാണെന്നും ഇരുവിഭാഗവും ലയനം ആഗ്രഹിക്കുന്നുണ്ട്. സുന്നി ഐക്യമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് സുന്നികളിലധികവും. അടിസ്ഥാനപരമായി ഇരുകൂട്ടരുടെയും ആചാരങ്ങളും അനുഷ്ടാനങ്ങളും ഒന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുജാഹിദ് തര്‍ക്കങ്ങള്‍ പരിഹരിച്ചത് മുസ്‌ലിം ലീഗാണെന്നും സമുദായത്തിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ലീഗിന് സാധിക്കുമെന്നും മുസ്തഫ പറഞ്ഞിരുന്നു. അതേസമയം, 2026 ഫെബ്രുവരി 4 മുതല്‍ 8 വരെയാണ് കാസര്‍ഗോഡ് സമസ്തയുടെ 100ാം വാര്‍ഷികാഘോഷം.
Content Highlight: Unity in the community is the goal says Sadiqali Shihab Thangal