ന്യൂയോർക്ക്: വെനസ്വേലയിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും ഐക്യരാഷ്ട്രസഭയിലെ വിദഗ്ധർ പറഞ്ഞു.
സായുധ സേനയുടെ ഉപരോധത്തിലൂടെ ഏകപക്ഷീയമായ ഉപരോധങ്ങൾ നടപ്പിലാക്കാൻ യു.എസിന് അവകാശമില്ലെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.
മറ്റൊരു രാജ്യത്തിനെതിരെ സൈനിക ബലപ്രയോഗം നടത്തുന്നതിനെ നിരോധിക്കുന്നതാണ് ഉപരോധമെന്നും ഇത് വ്യക്തമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഈ മാസം അമേരിക്ക വെനസ്വേലയുടെ എല്ലാ എണ്ണ ടാങ്കറുകളും ഉപരോധിക്കുമെന്ന് പ്രഖ്യാപിക്കുകയും വെനസ്വേലയ്ക്കടുത്തുള്ള കരീബിയനിൽ സൈനിക സേനയെ വിന്യസിക്കുകയും ചെയ്തിരുന്നു.
നിയമവിരുദ്ധമായ ബലപ്രയോഗം, കടലിലും കരയിലുമുള്ള സൈനിക ഭീഷണികൾ കൂടാതെ വെനസ്വേലയിൽ ജീവിക്കാനുള്ള അവകാശത്തെയും മറ്റ് മനുഷ്യാവകാശങ്ങളെയും അമേരിക്കയുടെ നടപടികൾ ഗുരുതരമായി അപകടത്തിലാക്കുന്നുവെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വെനസ്വേലൻ ബോട്ടുകൾക്ക് നേരെയുള്ള യു.എസ് ആക്രമണങ്ങളെയും വിദഗ്ധർ അപലപിച്ചു.
ലാറ്റിൻ അമേരിക്കയിൽ ആധിപത്യം സ്ഥാപിക്കാനുള്ള യു.എസിന്റെ വിശാലമായ പദ്ധതിയുടെ ആദ്യ ലക്ഷ്യം മാത്രമാണ് വെനസ്വേലയെന്ന് യു.എന്നിലെ വെനസ്വേലൻ അംബാസഡർ സാമുവൽ മൊൻ കാഡ പറഞ്ഞിരുന്നു.
വെനസ്വേലയുടെ എണ്ണ ടാങ്കറുകൾ യു.എസ് പിടിച്ചെടുത്തതിനെയും സാമുവൽ മൊൻ കാഡ അപലപിച്ചു. അമേരിക്കയ്‌ക്കെതിരെ കടൽക്കൊള്ള, പിടിച്ചുപറി എന്നീ കുറ്റങ്ങളും അദ്ദേഹം ആരോപിച്ചു.
ഒരു പരമാധികാര ശക്തിയാൽ സംഘടിക്കപ്പെടുന്ന സമുദ്ര കുറ്റകൃത്യങ്ങളെയാണ് അമേരിക്കയുടെ ഈ നീക്കങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: United Nations condemns US sanctions against Venezuela