ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ കോക്രോച്ച് ജനത പാര്‍ട്ടിയെ പിന്തുടരുന്ന പകുതിയോളം പേരും പാകിസ്ഥാനികളാണെന്ന വാദവുമായി കേന്ദ്രമന്ത്രി സുകാന്ത മജുംദാര്‍.
സി.ജെ.പിയെ പിന്തുടരുന്നവരില്‍ 49 ശതമാനം പേരും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്നും ഇന്ത്യക്കാര്‍ വെറും ഒമ്പത് ശതമാനം മാത്രമാണെന്നുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി മന്ത്രി പറഞ്ഞത്.
കേരള ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും സി.ജെ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതൊരു സാധാരണ ഡിജിറ്റല്‍ ക്യാമ്പെയ്ന്‍ അല്ലെന്നും, ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദേശ ശക്തികള്‍ നടത്തുന്ന ‘ക്രോസ് ബോര്‍ഡര്‍ ഇന്‍ഫ്‌ളുവന്‍സ് ഓപ്പറേഷന്‍’ ആണെന്നമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം.
എ.ഐ ഉപയോഗിച്ച് വ്യാജമായ ആഖ്യാനങ്ങള്‍ നിര്‍മിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി നേതാവ് തേജീന്ദര്‍ ബഗ്ഗ, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഋഷി ബാഗ്രി എന്നിവരും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, ഈ വാദം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് സ്വതന്ത്ര ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട്‌ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുമായി ബന്ധപ്പെട്ട ശേഷമാണ് ആള്‍ട്ട്‌ന്യൂസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ അനുസരിച്ച് ഇവരെ പിന്തുടരുന്ന 94.7% പേരും ഇന്ത്യക്കാരാണ്. യു.എസ് (1%), യു.കെ (0.7%), കാനഡ (0.6%), യു.എ.ഇ (0.6%) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.
പാകിസ്ഥാനോ ബംഗ്ലാദേശോ തങ്ങളുടെ യഥാര്‍ത്ഥ ഫോളോവേഴ്സ് പട്ടികയില്‍ പോലുമില്ലെന്ന് അഭിജീത് വ്യക്തമാക്കി. ഇന്ത്യയിലെ യുവാക്കളെ എന്തിനാണ് പാകിസ്ഥാനികള്‍ എന്ന് വിളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സി.ജെ.പിയുടെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചിരുന്നു. തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജും വെബ്‌സൈറ്റും ഹാക്ക് ചെയ്യപ്പെട്ടതായും സി.ജെ.പി ആരോപിച്ചു.
വിദ്യാഭ്യാസ മേഖലയിലെ പരാജയങ്ങള്‍ക്കും നീറ്റ്-യുജി 2026 പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ക്യാമ്പയിന്‍ നടത്തിയതിനാണ് തങ്ങളെ വേട്ടയാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് വധഭീഷണികള്‍ ലഭിക്കുന്നുണ്ടെന്നും ദീപ്കെ വെളിപ്പെടുത്തി.