സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം: മധ്യപ്രദേശില്‍ കേന്ദ്രമന്ത്രിയെ വളഞ്ഞിട്ട് തല്ലി ബി.ജെ.പി പ്രവര്‍ത്തകര്
national news
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം: മധ്യപ്രദേശില്‍ കേന്ദ്രമന്ത്രിയെ വളഞ്ഞിട്ട് തല്ലി ബി.ജെ.പി പ്രവര്‍ത്തകര്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd October 2023, 11:47 am

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ അഞ്ചാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തെ തുടര്‍ന്ന് ജബല്‍പൂരിലെ ബി.ജെ.പി ഡിവിഷണല്‍ ഓഫീസില്‍ സംഘര്‍ഷം.

നോര്‍ത്ത് സെന്‍ട്രല്‍ അസംബ്ലി സീറ്റിലേയ്ക്കുള്ള സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവിനും സുരക്ഷാഭടന്മാര്‍ക്കും നേരെ മര്‍ദനം ഉണ്ടായി. താഴെത്തട്ടിലുള്ള നേതാക്കളെ അവഗണിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രോഷാകുലരായ പ്രവര്‍ത്തകര്‍, ബി.ജെ.പി ഓഫീസ് വളയുകയും അകത്തുകയറി ബഹളം സൃഷ്ടിക്കുകയും ചെയ്തു.

യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഭിലാഷ് പാണ്ഡേയെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. താഴെത്തട്ടിലുള്ള നേതാക്കളെ അവഗണിച്ചു എന്നാരോപിച്ചാണ് നോര്‍ത്ത് സെന്‍ട്രല്‍ മേഖലയിലെ പ്രവര്‍ത്തകര്‍ രോഷാകുലരായി തെരുവിലിറങ്ങിയത്.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ അഞ്ചാംഘട്ട പട്ടിക ശനിയാഴ്ച പുറത്തിറക്കിയിരുന്നു. ഇതില്‍ 96 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ അംഗീകരിച്ചിരുന്നു. പട്ടിക പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി.യുടെ ചേരിപോരും പുറത്തു വന്നിരിക്കുകയാണ്.

ജബല്‍പൂര്‍ നോര്‍ത്ത് സെന്‍ട്രല്‍ അസംബ്ലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി അഭിലാഷ് പാണ്ഡേയെ നാമനിര്‍ദ്ദേശം ചെയ്തതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയും ജബല്‍പൂരിലെ ബി.ജെ.പിയുടെ ഡിവിഷനല്‍ ഓഫീസിന്റെ മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

തുടര്‍ന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബി.ഡി ശര്‍മ്മയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവിന് മുന്നില്‍ സമരം നടത്തി. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഏറെ നേരം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. രോഷാകുലരായ പ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ നേതാക്കള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രോഷാകുലരായ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയും സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലയുള്ളതുമായ ഭുപേന്ദ്ര യാദവിനെ വളയുകയും, തള്ളിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടയില്‍ മന്ത്രിയുടെ സുരക്ഷാഭടന്മാര്‍ പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ ശ്രമിക്കുകയും തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമാവുകയും ചെയ്തു.

നവംബര്‍ 17നാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഈ സാഹചര്യത്തിലാണ് 92 സ്ഥാനാര്‍ത്ഥികളുടെ അഞ്ചാം പട്ടിക ബി.ജെ.പി പുറത്തുവിട്ടത് ആകെയുള്ള 230 സീറ്റുകളില്‍ 228ലും ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും അഞ്ചാം പട്ടികയില്‍ മൂന്നു മന്ത്രിമാരുടെയും 29 എം.എല്‍.എ മാരുടെയും ടിക്കറ്റുകള്‍ വെട്ടികുറക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: union minister manhandled in B.J.P office