ദൈവങ്ങളോട് കളിക്കുന്നവര്‍ ഗുണം പിടിച്ചിട്ടില്ല; സ്റ്റാലിന്‍ ഭരണഘടനയെയും അംബേദ്കറിനെയും അപമാനിക്കുന്നു: കേന്ദ്രമന്ത്രി എല്‍. മുരുകന്‍
Natioal news
ദൈവങ്ങളോട് കളിക്കുന്നവര്‍ ഗുണം പിടിച്ചിട്ടില്ല; സ്റ്റാലിന്‍ ഭരണഘടനയെയും അംബേദ്കറിനെയും അപമാനിക്കുന്നു: കേന്ദ്രമന്ത്രി എല്‍. മുരുകന്‍
ആദര്‍ശ് എം.കെ.
Wednesday, 31st December 2025, 6:57 am

മധുരൈ: തമിഴ്‌നാട്ടിലെ ഡി.എം.കെ സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെയും അംബേദ്കര്‍ വിഭാവനം ചെയ്ത ആരാധനയ്ക്കുള്ള സ്വാതന്ത്ര്യത്തെയും അപമാനിക്കുകയും അനാദരവ് കാണിക്കുകയും ചെയ്യുന്നുവെന്ന ആരോപണവുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി എല്‍. മുരുകന്‍.

തിരുപ്രംകുണ്ഡ്രം മലമുകളിലെ ദീപത്തൂണില്‍ വിളക്ക് തെളിയിക്കാനുള്ള കേസിലെ ഹൈക്കോടതി വിധിയെ സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും, ഹിന്ദുക്കളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടയുകയാണെന്നും മുരുകന്‍ ആരോപിച്ചു.

ഡി.എം.കെ സര്‍ക്കാര്‍ മുരുക ഭക്തരെ വിളക്ക് കൊളുത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കുക മാത്രമല്ല, കുന്നിന്‍മുകളിലെ ദീപത്തൂണില്‍ ഭക്തര്‍ക്കൊപ്പം പോയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയും തടഞ്ഞതായും മുരുകന്‍ പറഞ്ഞു.

എല്‍. മുരുകന്‍. Photo: Wikipedia

‘ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ ഓരോ വ്യക്തിക്കും ഉറപ്പുനല്‍കുന്നതാണ്. ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ ഇക്കാര്യത്തെ പിന്തുണച്ചിരുന്നു. ഭക്തരെ ആചാരപരമായ ആരാധന നടത്തുന്നതില്‍ നിന്നും തടയാന്‍ ഇവിടെ ആര്‍ക്കും അനുവാദമില്ല,’ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു.

‘മദ്രാസ് ഹൈക്കോടതിയിലെ മധുരൈ ബെഞ്ചിന്റ വിധി നടപ്പിലാക്കുന്നതിന് പകരം ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്റെ വിധിയെ ഇംപീച്ച് ചെയ്യാനാണ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഡി.എം.കെ സര്‍ക്കാര്‍ ഭരണഘടനയെ ചവിട്ടിമെതിക്കാന്‍ ശ്രമിക്കുകയാണ്. ഈ അതിക്രമങ്ങളും അരാജകത്വവുമെല്ലാം മുരുകന്‍ കാണുന്നുണ്ട്. അധികം വൈകാതെ എല്ലാവരെയും ഒരു പാഠം പഠിപ്പിക്കും.

എം.കെ. സ്റ്റാലിന്‍. Photo: Wikimedia Commons

തിരുപ്രംകുണ്ഡ്രം മുരുകനോട് ഞാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അറിവ് കൊടുക്കാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ദൈവങ്ങളോട് കളിക്കുന്നവര്‍ ഒരിക്കലും ഗുണം പിടിച്ചിട്ടില്ല എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ദീപത്തൂണില്‍ വിളക്ക് കൊളുത്തുക എന്നത് ഭക്തരുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ്,’ എല്‍. മുരുകന്‍ കൂട്ടിച്ചേര്‍ത്തു.

തിരുപ്രംകുണ്ഡ്രം കുന്നിന്‍മുകളിലെ ബാദ്ഷാ ദര്‍ഗയ്ക്ക് സമീപത്തുള്ള ദീപത്തൂണ്‍ എന്ന നിര്‍മിതിയില്‍ കാര്‍ത്തിക ദീപം കൊളുത്തണമെന്നാവശ്യവുമായാണ് തീവ്രഹിന്ദുത്വ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചത്. മുന്‍ സംഘപരിവാര്‍ സഹയാത്രികനും ഹിന്ദുത്വനിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ജി.ആര്‍. സ്വാമിനാഥന്‍ ഇവര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

എന്നാല്‍ ദീപം കൊളുത്താനെത്തിയ തീവ്രഹൈന്ദവ സംഘടനകളെ പൊലീസ് തടയുകയും, ജില്ലാ കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്‌തോടെയാണ് വിഷയം ശ്രദ്ധ നേടിയത്.

തിരുപ്രംകുണ്ഡ്രം അരുള്‍മിഗു സുബ്രഹ്മണ്യ ക്ഷേത്രം. Photo: Wikipedia

മലമുകളിലെ ദീപത്തൂണ്‍ എന്ന് വിളിക്കുന്ന നിര്‍മിതിക്ക് താഴ്‌വാരത്തുള്ള മുരുകക്ഷേത്രവുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ക്ഷേത്രവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ ദീപത്തൂണ്‍ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലുള്ളതാണെന്നും ദര്‍ഗയ്ക്ക് സമീപമുള്ളതല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കാര്‍ത്തിക ദീപോത്സവത്തിന്റെ ഭാഗമായി ഈ തൂണിലാണ് ദീപം കൊളുത്താറുള്ളത്.

ഇതിന് പുറമെ കുന്നിന്‍മുകളിലെ ശിലാസ്തംഭത്തിന് ഹിന്ദുമതവുമായി ബന്ധമില്ലെന്നും ഇത് ജൈന സന്യാസിമാര്‍ നിര്‍മിച്ചതാണെന്നും തമിഴ്നാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പുരാവസ്തു ഗവേഷകരെ ഉദ്ധരിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം ഹെക്കോടതിയുടെ മധുരൈ ബെഞ്ചിനെ അറിയിച്ചത്.

മധുരൈ ജില്ലയിലെ മറ്റ് കുന്നുകളിലും സമാനമായ തൂണുകളുണ്ടെന്ന് തമിഴ്നാട് ദേവസ്വം വകുപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Thiruppurankundram: Left parties congratulate DMKGovt

ബാദ്ഷാ ദര്‍ഗ: Photo: Tamil Nadu Tourism

മധ്യപ്രദേശില്‍ നിന്നുള്ള ജൈനമതവിശ്വാസികള്‍ കര്‍ണാടകയിലേക്കും തുടര്‍ന്ന് തമിഴ്നാട്ടിലേക്കും വന്നിരുന്നുവെന്നും, ഇവര്‍ താമസിച്ചിരുന്ന കുന്നിന്‍ മുകളില്‍ രാത്രികാലങ്ങളില്‍ ഒത്തുകൂടുമ്പോള്‍ വിളക്ക് തെളിയിക്കാന്‍ അവര്‍ ഇത്തരത്തിലുള്ള തൂണുകള്‍ ഉപയോഗിച്ചിരുന്നതായും പുരാവസ്തു ഗവേഷകരുടെ പ്രബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പണ്ട് മുതല്‍ക്കുതന്നെ നിരവധി ജൈനക്ഷേത്രങ്ങളും ജൈന സന്യാസിമാര്‍ ധ്യാനത്തിനും താമസത്തിനുമായി ഉപയോഗിച്ചിരുന്ന ജൈന താവളങ്ങളും ഉണ്ടായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മഹാവീരനടക്കമുള്ള ജൈന തീര്‍ത്ഥങ്കരന്‍മാരുടെ പ്രതിമകളും ഇവിടെ ഉണ്ടെന്നുള്ളതിനും തെളിവുകളുണ്ട്.

 

Content Highlight: Union Minister L Murugan criticize MK Stalin

 

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.