'ഷാഹിന്‍ബാഗിലേത് വെറും പ്രതിഷേധം മാത്രമല്ല; ചാവേറുകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥലം കൂടിയാണ്': കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗ്
national news
'ഷാഹിന്‍ബാഗിലേത് വെറും പ്രതിഷേധം മാത്രമല്ല; ചാവേറുകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥലം കൂടിയാണ്': കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗ്
ന്യൂസ് ഡെസ്‌ക്
Thursday, 6th February 2020, 11:05 am

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഷാഹിന്‍ബാഗ് പ്രതിഷേധത്തിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗ്. ഷാഹിന്‍ബാഗ് വെറും പ്രതിഷേധമല്ല അവിടെ ചാവേറുകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥലമാണെന്ന് ഗിരിരാജ് സിംഗ് ആരോപിച്ചു.

ഷാഹിന്‍ബാഗ് വെറും ഒരു മുന്നേറ്റം മാത്രമല്ല. അവിടെ ചാവേറുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. രാജ്യതലസ്ഥാനത്ത് രാജ്യത്തിനെതിരെ വലിയ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട് ഗിരിരാജ് സിംഗ് പറഞ്ഞു.

നേരത്തെ ഷാഹീന്‍ബാഗ് ഇല്ലാത്ത ദല്‍ഹിക്കായി ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ രംഗത്തെത്തിയിരുന്നു.ഷാഹീന്‍ ബാഗ് സമരത്തെ അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നുമായിരുന്നു മോദിയുടെ വിമര്‍ശനം.

ഷാഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവരില്‍ ഭൂരിഭാഗവും പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറിയവരാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയും ആരോപിച്ചിരുന്നു.

പ്രതിഷേധിക്കുന്ന സ്ത്രീകളെ അപമാനിച്ച ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയ്‌ക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി ഒന്നിന് ഷാഹീന്‍ബാഗില്‍ വെടിവെപ്പ് നടന്നിരുന്നു. ജയ്ശ്രീറാം വിളിച്ചുകൊണ്ട് കപില്‍ ഗുജ്ജാര്‍ എന്ന ആള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ