ദുരന്തത്തിന്റെ പിടിയിലുള്ള ജനങ്ങളെ പരിഹസിക്കുകയാണ് നിർമല സീതാരമൻ; കേന്ദ്ര ധനകാര്യ മന്ത്രിക്കെതിരെ തമിഴ്നാട് ധനകാര്യ മന്ത്രി
national news
ദുരന്തത്തിന്റെ പിടിയിലുള്ള ജനങ്ങളെ പരിഹസിക്കുകയാണ് നിർമല സീതാരമൻ; കേന്ദ്ര ധനകാര്യ മന്ത്രിക്കെതിരെ തമിഴ്നാട് ധനകാര്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd December 2023, 11:10 am

ചെന്നൈ: മുഖ്യമന്ത്രി സ്റ്റാലിൻ ആവശ്യപ്പെട്ട ഫണ്ട് നിർദയം നിരസിച്ചുകൊണ്ട് ദുരന്തത്തിന്റെ പിടിയിലുള്ള തമിഴ്നാട് ജനതയെ അപമാനിക്കുകയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്ന് തമിഴ്നാട് ധനകാര്യ മന്ത്രി തങ്കം തെന്നരസു.

ശത്രു രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത് പോലുള്ള അരിശം നിറഞ്ഞ ഭാഷയിലാണ് പ്രളയം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ദൽഹിയിൽ മാധ്യമങ്ങളോട് കേന്ദ്രമന്ത്രി പ്രതികരിച്ചതെന്നും തെന്നരസു ആരോപിച്ചു.

പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ദുരിതാശ്വാസത്തിലേക്ക് തമിഴ്നാടിന് 21,000 കോടി രൂപ അനുവദിക്കണമെന്ന് തമിഴ്നാട് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം ഇത് നിരസിക്കുകയായിരുന്നു.

‘നിങ്ങൾക്കെല്ലാം അറിയാം. ചെന്നൈ, കാഞ്ചിപുരം, തിരുവളളൂർ, ചെങ്കൽപേട്ട് ജില്ലകളിൽ ഡിസംബർ നാലിനും തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ ഡിസംബർ 17,18 തീയതികളിലും കനത്ത മഴ പെയ്യുകയും പ്രളയത്തിൽ കലാശിക്കുകയും ചെയ്തു.

തമിഴ്നാട് സർക്കാർ സ്വീകരിച്ച മുൻകരുതലുകൾ കൊണ്ടാണ് ഒരു വലിയ ദുരന്തം ഒഴിവാക്കാനായത്. സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ പ്രദേശവും പതിയെ അതിജീവിച്ചു വരികയാണ്,’ തെന്നരസു പറഞ്ഞു.

പ്രളയം ബാധിച്ചവർക്ക് 6,000 രൂപ വീതം വിതരണം ചെയ്യുകയാണ് തമിഴ്നാട് സർക്കാർ.

ഡിസംബർ 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും 20 മിനിട്ട് യോഗം ചേർന്നിരുന്നു. മഴയെ തുടർന്നുണ്ടായ ദുരിതങ്ങൾ വിശദീകരിച്ച സ്റ്റാലിൻ പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു.

എല്ലാ ആവശ്യങ്ങളും പൂർത്തീകരിക്കുമെന്നും ഇതാണ് ഏറ്റവും പ്രധാനമെന്നും പ്രധാനമന്ത്രി സ്റ്റാലിന് ഉറപ്പുനൽകിയിരുന്നുവെന്ന് തെന്നരസു അവകാശപ്പെടുന്നു.

ദുരിതം നേരിടുന്നവരെ പരിഹസിക്കുന്ന പോലെയായിരുന്നു നിർമല സീതാരാമന്റെ വാർത്താ സമ്മേളനമെന്നും മാധ്യമങ്ങളെ ഉപയോഗിച്ച് കള്ളം പടച്ചുവിട്ട് തമിഴ്നാട് സർക്കാറിനെ കരിവാരി തേക്കാൻ ശ്രമിക്കുകയാണ് അവരെന്നും തെന്നരസു കുറ്റപ്പെടുത്തി.

ഒരു പ്രദേശത്തെ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന പതിവ് കേന്ദ്ര സർക്കാരിന് ഇല്ല എന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യത്തോട് കേന്ദ്ര ധനകാര്യ മന്ത്രിയുടെ പ്രതികരണം.

Content Highlight: Union Finance Minister Nirmala Sitharaman is mocking people in grip of disaster says TN Finance Minister