ന്യൂദല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെടുന്നതിനൊപ്പം തന്നെ തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ച് വരികയാണെന്ന് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി.
തൊഴില്‍ മോഷണവും വോട്ട് മോഷണവും യുവാക്കള്‍ ഒരിക്കലും സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും അത് വോട്ട് മോഷണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു. ജോലി തേടി പ്രതിക്ഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുന്നതിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദി തൈകള്‍ നടുന്നതിന്റെയും യോഗ പരിശീലിക്കുന്നതിന്റെയും ദൃശ്യങ്ങളും പോസ്റ്റിനൊപ്പം രാഹുല്‍ ഗാന്ധി പങ്കുവെച്ചു.
भारत में युवाओं की सबसे बड़ी समस्या बेरोज़गारी है – और इसका सीधा रिश्ता वोट चोरी से है।
जब कोई सरकार जनता का विश्वास जीतकर सत्ता में आती है, तो उसका पहला कर्तव्य होता है युवाओं को रोज़गार और अवसर देना।
‘ഒരു സര്‍ക്കാര്‍ പൊതുജനവിശ്വാസം നേടി അധികാരത്തില്‍ വരുമ്പോള്‍, അവരുടെ പ്രഥമ കടമ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനായിരിക്കണം. എന്നാല്‍ ബി.ജെ.പി സത്യസന്ധമായി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നില്ല. വോട്ടുകള്‍ മോഷ്ടിച്ച് അവര്‍ അധികാരത്തില്‍ തുടരുന്നു,’ രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
അതുകൊണ്ടാണ് തൊഴിലവസരങ്ങള്‍ കുറയുന്നതെന്നും യുവാക്കളുടെ ഭാവി അപകടത്തിലാകുന്നതെന്നും അതുകൊണ്ടാണ് എല്ലാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഓരോ നിയമനവും അഴിമതിക്കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിയമന പ്രക്രിയകള്‍ ആകെത്തകര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ യുവാക്കള്‍ കഠിനാധ്വാനം ചെയ്യുന്നു. സ്വപ്‌നം കാണുന്നു. അവരുടെ ഭാവിക്ക് വേണ്ടി പോരാടുന്നു. എന്നാല്‍ നരേന്ദ്ര മോദി ശ്രദ്ധിക്കുന്നത് അദ്ദേഹത്തിന്റെ പി.ആര്‍ വര്‍ക്കിലും സെലിബ്രിറ്റികളെ പ്രശംസിക്കുന്നതിനും കോടീശ്വരന്‍മാര്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കുന്നതിലുമാണ്. യുവാക്കളുടെ പ്രതീക്ഷകള്‍ തകര്‍ക്കുകയും അവരെ നിരാശരാക്കുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ ഐഡന്റിയായി മാറിയിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാലിപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നുവെന്നും ജോലിക്ക് വേണ്ടി മാത്രമല്ല, വോട്ട് മോഷണത്തിനെതിരെയും പോരാടണമെന്ന് യുവാക്കള്‍ മനസിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുകള്‍ മോഷ്ടിക്കപ്പെടുന്നിടത്തോളം കാലം അഴിമതിയും തൊഴിലില്ലായ്മയും വര്‍ധിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.