ആസ്‌ത്രേലിയന്‍ എഴുത്തുകാരനെ തടങ്കലില്‍ വെച്ച ചൈനീസ് നടപടി ഗുരുതരമെന്ന് വിദേശ കാര്യമന്ത്രി
Worldnews
ആസ്‌ത്രേലിയന്‍ എഴുത്തുകാരനെ തടങ്കലില്‍ വെച്ച ചൈനീസ് നടപടി ഗുരുതരമെന്ന് വിദേശ കാര്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 12:35 pm

ആസ്‌ത്രേലിയ : ചൈനീസ് വംശജനായ ആസ്ര്‌തേലിയന്‍ എഴുത്തുകാരനെ  തടങ്കലില്‍ വെച്ച ചൈനീസ് സര്‍ക്കാരിന്റെ നടപടിക്കെതിരെ ആസ്‌ത്രേലിയ. തങ്കളുടെ പൗരന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നാണ് ആസ്‌ത്രേലിയന്‍ വിദേശ കാര്യമന്ത്രി അറിയിച്ചിരിക്കുന്നത്.

എഴുത്തുകാരനായ യാങ്ങ് ഹെന്‍ഗ്ജിനെയാണ് ചാരപ്രവര്‍ത്തി ആരോപിച്ച് ചൈന തടങ്കലിലാക്കിയിരിക്കുന്നത്. ജനുവരിയില്‍ കുടുംബത്തോടൊപ്പം ചൈനയില്‍ സന്ദര്‍ശനത്തിനെത്തിയവേളയിലാണ് ഇദ്ദേഹം പിടിയിലാവുന്നത്.മുന്‍ ചൈനീസ് നയതന്ത്രജ്ഞനായിരുന്ന ഇദ്ദേഹം ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ സജീവ സാന്നിധ്യമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഡെമോക്രസി പെഡ്‌ലര്‍’ [ജനാധിപത്യത്തെ വില്‍ക്കുന്നവര്‍] എന്ന പേരില്‍ ഇദ്ദേഹം ഒരു ബ്ലോഗ് നടത്തുന്നുണ്ടായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളും ആഗോള ബന്ധങ്ങളും ബ്ലോഗില്‍ ഇദ്ദേഹം വിഷയമാക്കാറുണ്ടായിരുന്നു.

ആസ്‌ത്രേലിയയ്ക്കു വേണ്ടി ചൈനയുടെ ആഭ്യന്തര വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്നായിരുന്നു ഇദ്ദേഹത്തിനു നേരെയുള്ള ചൈനയുടെ ആരോപണം. ആഗസ്റ്റിലാണ് ഇദ്ദേഹത്തിനു നേരെ ഔദ്യോഗിക നടപടികള്‍ ആരംഭിച്ചതും തടങ്കലില്‍ വെച്ചതും.

ഇദ്ദേഹത്തെ വിട്ടു കിട്ടാന്‍ വേണ്ടി ആസ്ത്രലിയ നിരവധി തവണ ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.എന്നാല്‍ തങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ ആസ്‌ത്രേലിയ ഇടപെടേണ്ടെന്നാണ് ചൈനീസ് വിദേശകാര്യ വകുപ്പ് അറിയിച്ചിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആസ്‌ത്രേലിയയും ചൈനയും തമ്മില്‍ നയതന്ത്ര തലത്തില്‍ അകലുന്നതായാണ് നിലവിലെ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ആസ്‌ത്രേലിയന്‍ കയറ്റുമതിയുടെ വലിയൊരു പങ്കും ചൈനയിലേക്കാണ് പോവുന്നത്. നേരത്തെ ആസ്‌ത്രേലിയില്‍ നടന്ന സൈബര്‍ അറ്റാക്കിനു പിന്നില്‍ ചൈനയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.