പ്രത്യേക അരി വിഹിതം നൽകാൻ കഴിയില്ല; ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സർക്കാർ
Kerala News
പ്രത്യേക അരി വിഹിതം നൽകാൻ കഴിയില്ല; ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd July 2025, 12:15 pm

തിരുവനന്തപുരം: ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സർക്കാർ. പ്രത്യേക അരി വിഹിതം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ. ഓണത്തിന് മുന്നോടിയായി വിവിധ സഹായം തേടുന്നതിനായി ജി.ആർ. അനിൽ ചൊവ്വാഴ്ച കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷിയുമായി ചർച്ച നടത്തിയിരുന്നു.

ഓണക്കാലത്ത് കേരളത്തിനുള്ള അരിയുടെ വിഹിതം വർധിപ്പിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻ‌.എഫ്‌.എസ്‌.എ) നടപ്പിലാക്കിയതിനുശേഷം, 1965 മുതൽ നിലവിലുണ്ടായിരുന്ന കേരളത്തിന്റെ സാർവത്രിക സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം ചില വിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഓണക്കാലത്തും കേരളത്തിന്റെ ആവശ്യം അവഗണിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. മുൻഗണനേതര വിഭാഗക്കാർക്ക് ഭക്ഷ്യ ലഭ്യത ഉറപ്പാക്കാൻ അധിക അരി നൽകണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയെന്ന് മന്ത്രി പറഞ്ഞു.

കേരളം പോലുള്ള സംസ്ഥാനത്ത് ഭക്ഷ്യധാന്യ ലഭ്യത കേവലം ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല, സാമൂഹിക തുല്യതയുടെ പ്രശ്നം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. ഓണം പോലുള്ള ആഘോഷങ്ങളിൽ വിപണി വില കുതിച്ചുയരുമെന്നും കേന്ദ്രത്തോട് പറഞ്ഞതായി മന്ത്രി പറഞ്ഞു. മുൻഗണനാ വിഭാഗത്തിൽപ്പെടാത്ത കുടുംബങ്ങൾക്ക് ഉത്സവ സീസണിൽ ഒരാൾക്ക് അഞ്ച് കിലോ അരി കൂടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിർത്തലാക്കിയ ടൈഡ്-ഓവർ വിഭാഗത്തിന് കീഴിലുള്ള സംസ്ഥാനത്തിന്റെ ഗോതമ്പ് വിഹിതം പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ കേരളത്തെ പ്രത്യേകമായി കാണാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയതായി മന്ത്രി ജി. ആർ. അനിൽ പറഞ്ഞു.

അതേസമയം ഓണക്കാലത്ത് കേരളത്തിലെ ജനങ്ങളെ സർക്കാർ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിർത്തിവെച്ച ഗോതമ്പ് വിതരണം പുനസ്ഥാപിക്കാൻ ആവശ്യപെട്ടെങ്കിലും അനുവദിക്കാൻ ആവില്ലെന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം അനുവദിച്ച 5,676 കിലോ ലിറ്റർ മണ്ണെണ്ണ ലിഫ്റ്റ് ചെയ്യുന്നതിനുള്ള സമയം ദീർഘിപ്പിക്കണം എന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

നിലവിൽ, മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമേ, അതായത് മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ കൈവശമുള്ളവർക്ക് മാത്രമേ എൻ.എഫ്.എസ്.എ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളൂ.

അതേസമയം ഓണക്കാലത്ത് പോലും മലയാളിക്ക് അരിയും ഗോതമ്പും നിഷേധിക്കുന്ന കേന്ദ്രത്തിന്റെ ഈ അനീതിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ജി. ആർ. അനിൽ തന്റെ എഫ്.ബി പോസ്റ്റിലൂടെ പറഞ്ഞു.

 

Content Highlight: Unable to provide special rice quota; Central government ignoring Kerala even during Onam