ടി.എം.സി സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല, പി.വി അൻവറിന്റെ പത്രിക തള്ളി; ഇനി സ്വതന്ത്രൻ
Kerala News
ടി.എം.സി സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല, പി.വി അൻവറിന്റെ പത്രിക തള്ളി; ഇനി സ്വതന്ത്രൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd June 2025, 12:45 pm

മലപ്പുറം: തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിലമ്പൂരിൽ ടി.എം.സി നേതാവ് പി.വി. അൻവർ നൽകിയ പത്രിക തള്ളി. ഇതോടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള അൻവറിന്റെ സാധ്യത ഇല്ലാതായിരിക്കുകയാണ്. ഇതോടെ നിലമ്പൂരിൽ പി.വി അൻവർ സ്വതന്ത്രനായി മത്സരിക്കുമെന്നത് തീരുമാനമായിരിക്കുകയാണ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിക്കാൻ പി. വി. അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുകയും ചെയ്തു.

തൃണമൂൽ കോൺഗ്രസിന്റെ ദേശീയ പാർട്ടി എന്ന പദവി നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. അതിനാൽ തന്നെ കേരളത്തിൽ മത്സരിക്കണമെങ്കിൽ അവർക്ക് കേരളത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വേണം എന്നതാണ് ചട്ടം. അതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടില്ലാത്തതിനാലാണ് ടി.എം.സിയുടെ സ്ഥാനാർത്ഥിയാകാൻ സാധിക്കാത്തത്.

രണ്ട് സെറ്റ് പത്രിക പി.വി.അൻവർ സമർപ്പിച്ചിട്ടുണ്ട്. അതിൽ ഒന്ന് മാത്രമാണ് തള്ളിയത്. ഇതോടെ സ്വതന്ത്ര ചിഹ്നത്തിൽ ആയിരിക്കും അൻവർ മത്സരിക്കുക. കഴിഞ്ഞ ദിവസം തന്നെ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടാകുമെന്ന് പി.വി.അൻവർ വ്യക്തമാക്കിയിരുന്നു.

നേരത്തെ തന്നെ സ്വതന്ത്രനായി മത്സരിക്കാമെന്നായിരുന്നു തൃണമൂൽ കോൺഗ്രസിനോട് അൻവർ പറഞ്ഞിരുന്നത്. എന്നാൽ ടി.എം.സിയുടെ നിർബന്ധത്തിന് പിന്നാലെയായണ് ടി.എം.സി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിക്കുന്നത്.

ഇന്നലെയായിരുന്നു പി.വി അൻവർ പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ചെന്ന പ്രഖ്യാപനം നടത്തിയത്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്നാണ് പുതിയ മുന്നണിയുടെ പേര്. ഇതോടെ ഈ മുന്നണിയുടെ പേരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അൻവറിന് മത്സരിക്കാൻ സാധിക്കും.

അതേസമയം തൃണമൂൽ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ അൻവറിനായി പ്രചാരണത്തിന് എത്തുമെന്ന് അൻവർ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ മൂലം ടി.എം.സി ടിക്കറ്റിൽ മത്സരിക്കാൻ കഴിയില്ലെങ്കിലും നേതാക്കൾ എത്തുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ വരുന്നത്.

 

Content Highlight: Unable to contest as TMC candidate, PV Anwar’s nomination rejected; now an independent