പത്ത് വര്‍ഷത്തിനിപ്പുറം ഇറാനെതിരെ വീണ്ടും യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഉപരോധം
Trending
പത്ത് വര്‍ഷത്തിനിപ്പുറം ഇറാനെതിരെ വീണ്ടും യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഉപരോധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th September 2025, 2:18 pm

ന്യൂയോര്‍ക്ക്: ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി യു.എന്‍ സുരക്ഷാ കൗണ്‍സില്‍. പത്ത് വര്‍ഷത്തിനിപ്പുറമാണ് ഇറാനെതിരെ യു.എന്‍ നടപടിയെടുക്കുന്നത്. ടെഹ്‌റാനെതിരെ സാമ്പത്തിക-സൈനിക ഉപരോധമാണ് സുരക്ഷാ കൗണ്‍സില്‍ പുനഃസ്ഥാപിച്ചത്.

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിക്കുന്നില്ലെന്നും കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

ഉപരോധത്തിന്റെ ഭാഗമായി യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഇറാന്റെ ആസ്തികള്‍ മരവിപ്പിക്കും. ഇറാനുമായുള്ള ആയുധ ഇടപാടുകള്‍ നിര്‍ത്തിവെക്കുകയും ഒപ്പം ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ വികസനത്തിന് സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.

ഉപരോധ നടപടിയില്‍ പ്രതികരിച്ച ഇറാന്‍, എല്ലാ സമ്മര്‍ദങ്ങളെയും ഭീഷണികളെയും അവഗണിച്ച് സമാധാനപരമായി ആണവ പദ്ധതികള്‍ തുടരുമെന്ന് പറഞ്ഞു. കൂടാതെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാരെ ഇറാന്‍ തിരിച്ചുവിളിച്ചു.

ഇറാനെതിരായ ഉപരോധം പുനഃസ്ഥാപിക്കാൻ ഈ മൂന്ന് രാജ്യങ്ങളാണ് സുരക്ഷാ കൗണ്‍സിലിനോട് സംയുക്തമായി ആവശ്യപ്പെട്ടിരുത്. 2015ലെ ആണവ ബോംബ് വികസിപ്പിക്കുന്നത് തടയുന്ന കരാര്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ഇവര്‍ ഇറാനെതിരെ യു.എന്നിനെ സമീപിച്ചത്.

ഉപരോധത്തിന് പിന്നാലെ ഇറാന്‍ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ (ശനി) രാത്രി എട്ട് മണിയോടെയാണ് ഉപരോധം പുനഃസ്ഥാപിച്ചത്.

2010ലാണ് ഇറാനെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തിയത്. 15 അംഗ രക്ഷാ സമിതിയില്‍ രണ്ടിനെതിരെ 12 വോട്ടുകള്‍ക്കാണ് അന്ന് പ്രമേയം പാസായത്. മൂന്നാം തവണ വോട്ടടുപ്പില്‍ നിന്ന് ഒരു രാജ്യം വിട്ടുനിന്നിരുന്നു.

ഇതുപ്രകാരം, ഹെലികോപ്ടറുകളും മിസൈലുകളും ഉള്‍പ്പെടെ വിവിധ തരം ആയുധങ്ങള്‍ ഇറാന്‍ വാങ്ങുന്നത് തടയുക, നിരോധിക്കപ്പെട്ടതെന്ന് സംശയിക്കുന്ന ചരക്കുകള്‍ തങ്ങളുടെ പ്രദേശത്ത് നിന്ന് ഇറാനിലേക്ക് പോകുന്നില്ലെന്നും കൊണ്ടുവരുന്നില്ലെന്നും ഉറപ്പുവരുത്താനായി കര്‍ശന പരിശോധന നടത്താന്‍ മറ്റു രാജ്യങ്ങള്‍ ജാഗ്രത പാലിക്കുക, ആണവപദ്ധതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാനിയന്‍ ബാങ്കുകളെ നിരോധിക്കുകയും സാമ്പത്തിക ഇടപാടുകള്‍ തടയുകയും ചെയ്യുക, സ്വത്ത് മരവിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിട്ടിരുന്നത്.

Content Highlight: UN Security Council imposes new sanctions on Iran after 10 years