പ്രതിഷേധം ശക്തം; ചമയ പ്രദര്‍ശനത്തില്‍ നിന്ന് സവര്‍ക്കറുടെ ചിത്രമുള്ള കുട ഒഴിവാക്കി
Kerala News
പ്രതിഷേധം ശക്തം; ചമയ പ്രദര്‍ശനത്തില്‍ നിന്ന് സവര്‍ക്കറുടെ ചിത്രമുള്ള കുട ഒഴിവാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th May 2022, 7:49 pm

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തില്‍ പാറമേക്കാവ് വിഭാഗത്തിന്റെ സവര്‍ക്കറുടെ ചിത്രം വെച്ച കുട പിന്‍വലിച്ചു. വി.ഡി. സവര്‍ക്കറുടെ ചിത്രമുള്ള കുട പാറമേക്കാവ് പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് കുട പിന്‍വലിച്ചത്.

ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിശദീകരണം.

‘പ്രതിഷേധത്തെത്തുടര്‍ന്ന് തല്‍ക്കാലം സവര്‍ക്കറുടെ ചിത്രമുള്ള ആ കുട മടക്കി മൂലയില്‍ വെച്ചിട്ടുണ്ട്. പക്ഷേ പ്രതീക്ഷിക്കണം. ആ കുട ഇനി എപ്പോ വേണമെങ്കിലും നിവര്‍ത്താം. തൃശൂരില്‍ പ്രത്യേകിച്ചും.
അതിനെതിരെയുള്ള ജാഗ്രതയാണ് വേണ്ടത്,’ വിഷയത്തില്‍ പ്രതികരണവുമായി അധ്യപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് പറഞ്ഞു.

സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും, എ.എഐ.എസ്.എഫും അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമിടയിലയിരുന്നു സവര്‍ക്കറിനേയും ഉള്‍പ്പെടുത്തിയിരുന്നത്. പാറമേക്കാവ് ദേവസ്വത്തിനായി നിര്‍മിച്ച കുടകളിലാണ് സവര്‍ക്കറേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം ആരംഭിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ പ്രദര്‍ശനോദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. പാറമേക്കാവിന്റെ ഉദ്ഘാടനം മുന്‍ രാജ്യസഭാ എം.പിയും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയാണ് നിര്‍വഹിച്ചത്.

രണ്ട് വര്‍ഷത്തിന് ശേഷമാണ് സജീവമായി പൂരം അരങ്ങേറുന്നത്. 2019ലാണ് അവസാനമായി തൃശൂര്‍ പൂരം നിയന്ത്രണങ്ങളില്ലാതെ നടന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.