കലാപസമയത്ത് ഉമര്‍ ഖാലിദ് ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ല; കപില്‍ സിബല്‍ സുപ്രീം കോടതിയില്‍
India
കലാപസമയത്ത് ഉമര്‍ ഖാലിദ് ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ല; കപില്‍ സിബല്‍ സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st October 2025, 4:12 pm

ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 751 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒന്നില്‍ മാത്രമേ ഗൂഢാലോചന കുറ്റം ചുമത്തി തന്നെ പ്രതി ചേര്‍ത്തിട്ടുള്ളുവെന്ന് ഉമര്‍ ഖാലിദ്. ഇതില്‍ ആശ്ചര്യം തോന്നുന്നുവെന്ന് ഖാലിദിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

ദല്‍ഹി കലാപത്തില്‍ ഉമര്‍ ഖാലിദ് ഗൂഢാലോചന നടത്തിയെന്ന പൊലീസ് വാദം കപില്‍ സിബല്‍ എതിര്‍ക്കുകയും ചെയ്തു. കലാപസമയത്ത് ഉമര്‍ ഖാലിദ് ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നും ഖാലിദിനെതിരായ ഗൂഢാലോചനകുറ്റം തെളിയിക്കുന്ന സാക്ഷിമൊഴികള്‍ ഇല്ലെന്നും സിബല്‍ വാദിച്ചു.

‘സമയക്കുറവ് മൂലം 26 തവണ കേസ് പരിഗണിക്കാന്‍ കഴിഞ്ഞില്ല. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ 59 തവണയാണ് കേസ് പരിഗണിക്കുന്നത് തടസപ്പെട്ടത്. അഭിഭാഷകരുടെ പണിമുടക്കും സമാനമായി 59 തവണ കേസ് പരിഗണിക്കുന്നത് തടസപ്പെടുത്തി,’ സിബല്‍ പറഞ്ഞു.

ഇന്നലെ (വ്യാഴം) ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ രാജ്യവ്യാപക കലാപത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പറഞ്ഞിരുന്നു.

അഞ്ച് വര്‍ഷത്തെ തടവ് ചൂണ്ടിക്കാട്ടി പ്രതികള്‍ ഇരവാദം ഉന്നയിക്കുകയാണെന്നും പൊലീസ് ആരോപിച്ചിരുന്നു. ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ കാരണമാണ് വിചാരണ വൈകിയതെന്നായിരുന്നു പൊലീസിന്റെ വാദം.

എന്നാല്‍ ഖാലിദ് ഈ വാദം തള്ളി. കേസ് നിരന്തരം മാറ്റിവെച്ചതും അഭിഭാഷക സമരവുമാണ് വിചാരണ വൈകാന്‍ കാരണമായതെന്ന് ഉമര്‍ ഖാലിദ് കോടതിയില്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് ഖാലിദ് അടക്കമുള്ളവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി ദല്‍ഹി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഷിഫ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്‌മാന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ദല്‍ഹി പൊലീസിനെ വിമര്‍ശിച്ചിരുന്നു.

‘ഇനിയെങ്കിലും എന്തെങ്കിലും കണ്ടെത്താന്‍ കഴിയുമോ’ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. 2020 മുതല്‍ പ്രതികള്‍ ജയിലില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ് കോടതി വിമര്‍ശനമുന്നയിച്ചത്.

തിങ്കളാഴ്ച ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

Content Highlight: Umar Khalid was not in Delhi during riots: Kapil Sibal in Supreme Court