ഭൂമിയുടെ ഉടമസ്ഥാവകാശമല്ല, ബാബരിയാനന്തര കലാപത്തിലെ നീതിയാണ് വേണ്ടത്
Ayodhya Case
ഭൂമിയുടെ ഉടമസ്ഥാവകാശമല്ല, ബാബരിയാനന്തര കലാപത്തിലെ നീതിയാണ് വേണ്ടത്
ഉമര്‍ ഖാലിദ്
Friday, 8th November 2019, 6:43 pm

വർഗീയ വെറിപിടിച്ച ആള്‍ക്കൂട്ടം ബാബരി മസ്ജിദിന്റെ കല്‍ച്ചുവരുകള്‍ തകര്‍ത്തു തരിപ്പണമാകുബോള്‍ വെറും അഞ്ചുവയസ്സ് മാത്രമുള്ള കുട്ടിയായിരുന്നു ഞാന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു രാജ്യം മുഴുവന്‍ രാമജന്മഭൂമി -ബാബരി മസ്ജിദ് വിധിക്ക് ശ്വാസമടക്കി കാത്തിരിക്കുമ്പോള്‍, മനസ്സില്‍ തെളിയുന്നത്  മസ്ജിദ് പൊളിച്ചതിനെക്കുറിച്ചുള്ള ദൂരദര്‍ശന്‍ അവതാരകന്റെ നാടകീയത മുറ്റിയ അവതരണം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന് മുന്നിലിരുന്ന് കാണുന്ന രംഗങ്ങളാണ്.

വെറും അഞ്ചു വയസ്സായിരുന്നിട്ടുകൂടി ടെലിവിഷന്‍ രംഗങ്ങളും കുട്ടികളും യുവാക്കളും വൃദ്ധരുമുള്‍പ്പടെ അരികെ നിന്നവരുടെ പേടിയും നിരാശയും മുറ്റിയ മുഖങ്ങളും സമ്മാനിച്ച മാനസിക ആഘാതവും ഇന്നും ഓര്‍മ്മയിലെത്തുന്നുണ്ട്.

ഇന്ന് അയോധ്യാ വിധിയേക്കാള്‍ അതുണ്ടാക്കാന്‍ പോകുന്ന സാമൂഹിക രാഷ്ട്രീയ വ്യതിയാനങ്ങളെക്കുറിച്ചാണ് ഞാന്‍ അസ്വസ്ഥനാകുന്നത്. കോടതി വിധിയെക്കുറിച്ചു അണമുറിയാത്ത കോലാഹലങ്ങളുണ്ടാകുമ്പോഴും അയോധ്യാ കാമ്പയിനിങിനെ തുടര്‍ന്നുണ്ടായ രക്തച്ചൊരിച്ചിലിനെക്കുറിച്ചു സൗകര്യപ്രദമായമൗനം നിലനില്‍ക്കുന്നു എന്നുള്ളത് തന്നെയാണ് അതിനു കാരണം.

നോട്ടുപുസ്തകത്തില്‍ ബാബരിയുടെ ചിത്രം വരച്ചുകൊണ്ടായിരുന്നു അന്ന് എന്റെ പ്രതികരണം. മൂന്ന് പള്ളികളാണ് ഞാന്‍ കോറിയിട്ടത്. ആദ്യത്തേത് തകര്‍ക്കാതെ നില്‍ക്കുന്ന ഒന്ന്. പള്ളി തകര്‍ത്തതിന്റെ രണ്ടാം ചിത്രം. പുതുക്കിപ്പണിത മൂന്നാമത്തെ പള്ളി. നീതിവാഴ്ചയെക്കുറിച്ചു ചിന്തിച്ചു മാത്രം തുടങ്ങിരിയുന്ന ഒരു കുട്ടിയുടെ പ്രതികരണം അതായിരുന്നു.

ഒന്നര പതിറ്റാണ്ടിനിപ്പുറം, ഒരു ഇടതു ആക്ടിവിസ്റ്റായി മാറിയ ഞാന്‍, അതേ ആവശ്യം ഇന്നുമുയര്‍ത്തുന്നു. എന്നാല്‍ അഞ്ചു വയസ്സുള്ള കുട്ടിയുടെ വൈകാരിക പ്രതികരണമല്ല ഇന്ന് പള്ളി നിര്‍മിക്കണമെന്ന എന്റെ നിലപാട്. ഭരണഘടന പൗരന്മാര്‍ക്കു നല്‍കുന്ന അവകാശങ്ങളുടെ ആസ്ഥാനപരമായ തേട്ടമാണ് അത്.

മുരളി മനോഹര്‍ ജോഷി, എല്‍.കെ അദ്വാനി

അക്രമവും, ജനങ്ങള്‍ക്ക് മേലുള്ള നിരന്തര ഭീഷണികളും സമൂഹത്തോട് ചെയ്യുന്നതെന്ത് എന്ന വ്യക്തമായ ബോധ്യത്തിനു പുറത്താണ് ഇന്ന് എന്റെ തീരുമാനങ്ങള്‍. ഇത്തരം നിരന്തരമായ വേട്ടയാടലുകള്‍ പൗരന്മാരെ അവകാശങ്ങള്‍ മറക്കുവാനും അനീതിയോടു അടിവയറവു പറയുവാനും നിര്‍ബന്ധിതരാക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാബരിയാനന്തര കാലത്തു രാജ്യത്തെ ജനായത്ത സംവിധാനത്തിനുമേലേറ്റ ആഴത്തിലുള്ള മുറിവുകളുടെ ഓര്‍മകളാണ് മനസുനിറയെ. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മതവെറിയുടെയും വാര്‍ത്തകള്‍ മാത്രമായിരുന്നു രാജ്യത്തിന്റെ കോണുകളില്‍ നിന്നും വന്നുകൊണ്ടിരുന്നത്. സത്യവും അസത്യവും തിരിച്ചറിയാന്‍ പറ്റുമായിരുന്നില്ല. മുംബൈ മഹാനഗരത്തില്‍നിന്നും വന്ന വാര്‍ത്തകളായിരുന്നു ഏറ്റവും അസ്വസ്ഥതയുളവാക്കുന്നവ.

രഥയാത്രയെന്ന ഓമനപ്പേരിട്ട് അദ്വാനിയും കൂട്ടരും നടത്തിയ കൊലവിളി കഴിഞ്ഞിട്ട് ഇരുപത്തിയേഴു വര്‍ഷം കഴിഞ്ഞു. ഒരാള്‍ പോലും ശിക്ഷിക്കപെടുകയുണ്ടായില്ല. നഷ്ടപ്പെട്ട ജീവനുകളുടെയും തകര്‍ത്താടിയ നിയമ ലംഘനങ്ങളുടെയും ഓര്‍മ്മകള്‍ പൊതുബോധത്തില്‍ നിന്നും സൗകര്യമായി മായ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. തര്‍ക്ക സ്ഥലത്തിന്റെ ഉടമാവകാശവുമായി മാത്രം ഇന്ന് ചര്‍ച്ച ചുരുങ്ങിയിരിക്കുന്നു.

ഇത്തരം മറവികള്‍ക്കു മേലെക്കൂടിയാണ് മതഭ്രാന്ത് കൈമുതലാക്കി വിഭജനത്തിന്റെയും വംശീയതയുടെയും രാഷ്ട്രീയത്തില്‍ അധികാരം കയ്യാളുന്നവര്‍ ഇരുപ്പുറപ്പിക്കുന്നത്. നീതി ബോധമാണ് ജനായത്ത സംവിധാനത്തിന്റെ കാതല്‍. അതുകൊണ്ടു തന്നെ ഓര്‍മകളെ മങ്ങാന്‍ അനുവദിക്കാതിരിക്കുകയെന്നത് അനിവാര്യവും.

ബാബരി തകര്‍ത്തു പത്തു ദിവസങ്ങള്‍ക്കുള്ളില്‍ രൂപീകരിച്ചലിബര്‍ഹാന്‍ ഖാന്‍ കമ്മീഷന്‍ പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവരെ കുറ്റാരോപിതരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. കലാപമുണ്ടാക്കുകയും മതസ്പര്‍ധ സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ആര്‍.എസ.എസിന്റെയും ബജ്രംഗ് ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പങ്കും റിപ്പോര്‍ട്ട് അക്കമിട്ടു നിര്‍ത്തിയിരുന്നു.

എന്നാല്‍ കലാപത്തിന് തൊട്ടുടനെ രൂപീകരിക്കപ്പെട്ട് മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നഅന്വേഷണ കമീഷന്‍ പതിനേഴു വര്‍ഷത്തെ കാലവിളംബം വരുത്തി എന്നിടത്തു തന്നെ ആ പ്രക്രിയ അര്‍ത്ഥശൂന്യമാകുന്നു. ഒടുവില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ കുറ്റവാളികള്‍ എന്ന് കണ്ടെത്തിയവര്‍ക്കുനേരെ തന്നെ ചെറുവിരലനക്കാന്‍ പോലും സാധിച്ചിട്ടില്ല.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന് അന്വേഷണം പൂര്‍ത്തിയാക്കി എന്നത് തന്നെ തങ്ങളുടെ ‘മതേതര പ്രതിബദ്ധത’യെക്കുറിച്ച് ഗീര്‍വാണം വിടാനുള്ള ഒരായുധം മാത്രമായിരുന്നു. അതിനപ്പുറം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് ചര്‍ച്ച ചെയ്യുവാനോ കുറ്റക്കാരെന്നു പരാമര്‍ശിച്ചവര്‍ക്കെതിരെ നടപടിയെടുക്കുവാനോ ഉള്ള രാഷ്ട്രീയ ഇച്ഛാശക്തികാണിക്കുന്നതിന് കോണ്‍ഗ്രസ് ഒരിക്കലും മുതിര്‍ന്നില്ല. നീണ്ട പതിനേഴു വര്‍ഷംകമ്മീഷന്‍ നടത്തിക്കൊണ്ടു പോകാനെടുത്ത കോടികള്‍ വിഫലമായിഎന്നതല്ലാതെ നീതിയുടെ കണികപോലും ലിബര്‍ഹാന്‍ ഖാന്‍ കമ്മീഷന്‍ മുഖാന്തരം നേടിയെടുക്കാനായില്ല.

ബാല്‍ താക്കറെ

ബാബരി ധ്വംസനത്തെ തുടര്‍ന്ന് മുംബയില്‍ അരങ്ങേറിയ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ശ്രീകൃഷ്ണ കമ്മീഷനും ഇതേ ഗതിയായിരുന്നു. 1992 ഡിസംബര്‍ മാസത്തിലും 1993 ജനുവരിയിലുമായി നടന്ന കലാപത്തില്‍ 900 മനുഷ്യ ജീവനുകളായിരുന്നു നഷ്ടമായത്. 275 ഹിന്ദുക്കളും 575 മുസ്‌ലിംകളും. രണ്ടായിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റു.

ഇരുപത്തയ്യായിരം പേജുള്ള റിപ്പോര്‍ട്ടില്‍ ശിവസേന എങ്ങനെയാണു മുസ്‌ലിങ്ങളെ മുംബൈ മഹാനഗരത്തില്‍ കൊന്നൊടുങ്ങിക്കിയതെന്നു വിശദമാക്കുന്നുണ്ട്. ശിവസേനാ നേതാക്കളായിരുന്ന ബാല്‍ താക്കറെ, ഗജന്‍ കീര്‍ത്തികാര്‍ മിലിന്ദ് വൈദ്യ, ബി.ജെ.പി നേതാക്കളായ മധുകര്‍ സര്‍പോട്ദര്‍, ഗോപിനാഥ് മുണ്ടെ എന്നിവര്‍ കൊലപാതകത്തിന് ചുക്കാന്‍ പിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട് വിശദമാക്കിയിരുന്നു.

പൊലീസ് സേനയില്‍പോലും മുസ്‌ലിം വിരുദ്ധത മുറ്റി നിന്നിരുന്നു എന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ അടിവരയിടുന്നുണ്ട്. പൊലീസുകാര്‍ നേര്‍ക്കുനേരെ കലാപത്തില്‍ പങ്കെടുത്തതിന്റെ 11 അവസരങ്ങള്‍ ആണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നത്. ജോയിന്റ് പോലീസ് കമ്മീഷണര്‍ ആയിരുന്ന ആര്‍.ഡി ത്യാഗിയെ റിപ്പോര്‍ട്ടില്‍ പേരെടുത്തു പരാമര്‍ശിക്കുന്നുണ്ട്. കുപ്രസിദ്ധമായ ‘സുലൈമാന്‍ ബേക്കറി ഓപ്പറേഷനില്‍’ ഒന്‍പത് കുട്ടികളെയാണ് ത്യാഗി ‘പോയിന്റ് ബ്ലാങ്കില്‍’ വെടിവെച്ചു കൊന്നത്.

ഈ റിപ്പോര്‍ട്ടുകളോടുള്ള സര്‍ക്കാരിന്റെ സമീപനവും തൊട്ടുപിന്നാലെ സംഭവിച്ച മുംബൈ സ്‌ഫോടനത്തോടുള്ള പ്രതികരണവും താരതമ്യം ചെയ്താല്‍ മനസിലാകും എത്രമാത്രം വര്‍ഗീയമാണ് ഇന്ത്യയിലെ നീതി സംവിധാനങ്ങള്‍ എന്ന്. ടാഡാ കോടതിയില്‍ നടന്ന വിചാരണക്കൊടുവില്‍ 100 പേരെ ബോംബെ സ്‌ഫോടനത്തില്‍ കുറ്റക്കാരെന്നു വിധിക്കുകയും ഒരാളുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു. അതേസമയം, മുംബൈ കലാപത്തില്‍ കുറ്റക്കാരായവര്‍ കൈവീശി വിലസുന്നു. ബി.ജെ.പി-ശിവസേന സര്‍ക്കാരുകള്‍ പോകട്ടെ, എന്‍.സി.പി-കോണ്‍ഗ്രസ് കൂട്ടുകെട്ടുകള്‍ പോലും നീതിപൂര്‍വമായ സമീപനമല്ല കൈക്കൊണ്ടത്. ഒറ്റ പോലീസുകാര്‍പോലും ശിക്ഷിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, ചിലര്‍ക്ക് സ്ഥാനക്കയറ്റം വരെ കിട്ടി.

ബാബരി മുതല്‍ ദാദ്രിവരെ കാലമൊരുപാട് കൊഴിഞ്ഞു പോയി. എന്നാലും നീതി നിഷേധത്തിന്റെ കാണാച്ചരടുകളാല്‍ അവ ബന്ധിക്കപ്പെട്ടിരിക്കുന്നു. സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ബാബരികേസില്‍ സുപ്രീം കോടതിയില്‍ ഹാജരായ അഡ്വകേറ്റ് രാജീവ് ധവാന്‍ തര്‍ക്ക പ്രദേശത്തെ ‘ക്രൈം സീന്‍’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ആ ഭൂമി മാത്രമോ ഡിസംബര്‍ ആറ് മാത്രമോ ആയിരുന്നില്ല ‘ക്രൈം സീന്‍’.

ഇന്ന് നടമാടുന്ന വര്‍ഗീയ വംശീയ ഹിന്ദുത്വ ഭ്രാന്തിന്റെ അടിത്തറ പാകിയത് പ്രശ്ന കലുഷിതമായ ഈ തൊണ്ണൂറുകളുടെ തുടക്കമായിരുന്നു. ശിവസേന മുഖപത്രമായ സാമ്നയും നവാക്കലും വര്‍ഗീയത വിഷം ചീറ്റുകയായിരുന്നു അക്കാലത്തെന്ന് ശ്രീകൃഷ്ണ കമ്മീഷന്‍ അടിവരയിടുന്നുണ്ട്. ഈ വിഷം ചീറ്റലിന്റെ പുതുരൂപങ്ങളാണ് മുഖ്യധാരാ ടെലിവിഷനുകള്‍ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രഥയാത്ര നടത്തി മനുഷ്യരെ കൊന്നു കൊന്നു തള്ളിയ അദ്വാനിക്ക്അധികാര സ്ഥാനങ്ങളിലിരുന്നു വെളുക്കെച്ചിരിക്കാന്‍ കഴിഞ്ഞ രാഷ്ട്രീയ സാഹചര്യമാണ് മുസ്‌ലിംകളെ നടുറോഡില്‍ തല്ലിക്കൊന്നവര്‍ക്കു പുഷ്പമാല അണിയിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്കു കരുത്തേകുന്നത്. ന്യൂനപക്ഷങ്ങളെ തല്ലിയാട്ടുന്നതും കൊന്നൊടുക്കുന്നതും ഒരു കുറ്റമല്ലാതായി മാറിക്കഴിഞ്ഞു, കാരണം നിയമത്തിനും നീതി സംവിധാനങ്ങള്‍ക്കും ഒരു ചുക്കും ചെയ്യാനാവില്ലെന്ന് അവര്‍ക്കു തീര്‍ച്ചയുണ്ട്.

നീതി നിഷേധത്തിന്റെ ഈ അപ്പോസ്തലന്മാര്‍ അധികാര സ്ഥാനങ്ങളില്‍നിന്നും തുടച്ചെറിയപ്പെടുന്നിടത്താവും ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുക.

മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ് ദി പ്രിന്റില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.