അയോധ്യാക്കേസില്‍ മുംബൈയില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം; ബി.ജെ.പിക്ക് ശരദ് പവാറിന്റെ അന്ത്യശാസനം
national news
അയോധ്യാക്കേസില്‍ മുംബൈയില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം; ബി.ജെ.പിക്ക് ശരദ് പവാറിന്റെ അന്ത്യശാസനം
ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 3:13 pm

മുംബൈ: സര്‍ക്കാരുണ്ടാക്കുന്നതില്‍ ബി.ജെ.പിക്ക് ശരദ്് പവാറിന്റെ അന്ത്യശാസനം. മഹാരാഷ്ട്രയില്‍ എന്‍.സി.പി ശിവസേനയുമായി സഖ്യത്തിന് തയ്യാറായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയാണ് എന്‍.സി.പി അധ്യക്ഷന്റെ പ്രസ്താവന.

അയോധ്യാക്കേസില്‍ അന്തിമവിധിയുണ്ടാകുന്നതിന് മുമ്പ് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പവാര്‍ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘അയോധ്യാക്കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. സമാധാനപരമായ മഹാരാഷ്ട്രയ്ക്കുവേണ്ടി ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തിയേ മതിയാവൂ’, പവാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന തര്‍ക്കത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും. 15 സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബി.ജെ.പി നേതാവ് ഫഡ്നാവിസ് അവകാശപ്പെടുന്നത്. എന്നാല്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള അവരുടെ നീക്കം പാളുകയായിരുന്നു. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കാതെ സര്‍ക്കാരുണ്ടാക്കാന്‍ കൂടെ നില്‍ക്കില്ലെന്നാണ് സേനാ നിലപാട്.

ഇതിനിടെയാണ് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം സജീവമാക്കി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ പവാറുമായി സഞ്ജയ് റാവത്ത് രണ്ടു കൂടിക്കാഴ്ചകളാണ് നടത്തിയത്. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാത്രിയിലുമായിരുന്നു കൂടിക്കാഴ്ചകള്‍. ബുധനാഴ്ച രാത്രിയില്‍ പവാറിന്റെ പെഡ്ഡര്‍ റോഡിലെ വീട്ടില്‍ വെച്ചായിരുന്നു ഇത്.

എന്നാല്‍, ഈ അഭ്യൂഹങ്ങളെ തള്ളി സേനയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് പവാര്‍ പറയുന്നത്.

ദേവേന്ദ്ര ഫഡ്‌നാവിസിനെ ധിക്കാരിയെന്ന് വിശേഷിപ്പിച്ച പവാര്‍, തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസമല്ല, ഫഡ്‌നാവിസിന്റെ ധിക്കാരമാണ് ബി.ജെ.പിക്ക് വിലങ്ങുതടിയായതെന്നും വിമര്‍ശിച്ചു. ബി.ജെ.പിയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന അമിത് ഷാ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്ന കാര്യം മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ