ഉമര്‍ ഖാലിദിന് കര്‍ശന ഉപാധികളോടെ മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം
national news
ഉമര്‍ ഖാലിദിന് കര്‍ശന ഉപാധികളോടെ മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം
ആദര്‍ശ് എം.കെ.
Friday, 22nd May 2026, 5:16 pm

 

ന്യൂദല്‍ഹി: 2020ലെ ദല്‍ഹി കലാപ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന് ദല്‍ഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. മാതാവിന്റെ ശസ്ത്രക്രിയ പരിഗണിച്ചാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, മധു ജെയ്ന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബപരമായ സാഹചര്യം പരിഗണിച്ച് ‘അനുകമ്പാപരമായ നിലപാട്’ (empathetic view) സ്വീകരിച്ചാണ് കോടതി ജാമ്യം നല്‍കിയത്.

ജാമ്യകാലയളവില്‍ ഖാലിദ് ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ കൈവശം വെക്കാന്‍ പാടുള്ളൂ എന്നും അന്വേഷണ ഉദ്യോഗസ്ഥനുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ടാകും.

മാതാവിന്റെ ശസ്ത്രക്രിയ ജൂണ്‍ രണ്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമെ, അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി 15 ദിവസത്തെ ജാമ്യമാണ് ഖാലിദ് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍, ഈ മാസം ആദ്യം ഖാലിദിന്റെ അപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു.

മാതാവിനെ പരിചരിക്കാന്‍ ഖാലിദിന്റെ പിതാവും സഹോദരിമാരും ഉണ്ടെന്നും, അമ്മാവന്റെ ചടങ്ങുകള്‍ക്ക് അത്ര പ്രാധാന്യമില്ലെന്നുമായിരുന്നു വിചാരണ കോടതിയുടെ നിരീക്ഷണം.

ഇതിനെതിരെ ഖാലിദ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ മൂന്ന് ദിവസത്തെ ഇളവ് നല്‍കിയത്

2020 സെപ്റ്റംബറില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്. യു.എ.പി.എ നിയമത്തിലെ കര്‍ശനമായ വ്യവസ്ഥകള്‍ കാരണം (സെക്ഷന്‍ 43D(5)) ഖാലിദിന് സ്ഥിരം ജാമ്യം ലഭിക്കാതിരിക്കുന്നത്.

ഇതിനിടെ, യു.എ.പി.എ കേസുകളില്‍ ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പുനഃപരിശോധിക്കാന്‍ ഒരു വിശാല ബെഞ്ചിനെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

വിചാരണ വൈകുന്നത് ജാമ്യം നല്‍കാനുള്ള കാരണമായി കണക്കാക്കാമോ എന്ന വിഷയത്തിലുണ്ടായ വിരുദ്ധമായ വിധികള്‍ പരിഗണിക്കാനാണ് ഈ നടപടി.

മുമ്പ് 2022ല്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനും ഉമര്‍ ഖാലിദിന് താത്കാലിക ജാമ്യം ലഭിച്ചിരുന്നു.

 

Content Highlight: Umar Khalid granted three-day interim bail with strict conditions

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.