ദല്‍ഹി കലാപക്കേസ്; ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചു
national news
ദല്‍ഹി കലാപക്കേസ്; ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th March 2022, 1:39 pm

ദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചു.

കര്‍കര്‍ഡൂമ കോടതിയാണ് ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചത്.

2020ല്‍ നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ നടന്ന, 3 ദിവസത്തിലധികം നീണ്ടുനിന്ന അക്രമസംഭവങ്ങളില്‍ 53 പേര്‍ മരിച്ചതായും 400ലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് കണക്കുകള്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീന്‍ബാഗിലെ സമരസ്ഥലം ഉമര്‍ ഖാലിദ് സന്ദര്‍ശിക്കുകയും അവിടെ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 2020 ഓഗസ്റ്റില്‍ ഇദ്ദേഹത്തെ ദല്‍ഹി പൊലീസ് ചോദ്യം ചെയ്തു.

ഇദ്ദേഹത്തിന്റെ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

ദല്‍ഹിയിലെ ചാന്ദ്ബാഗില്‍ നടന്ന കലാപക്കസുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദിനെതിരെ 2020 ജൂലൈയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഐ.പി.സി, യു.എ.പി.എ എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇതില്‍, അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഉമര്‍ ഖാലിദും താഹിര്‍ ഹുസൈനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിച്ചിരുന്നു.

2020 മാര്‍ച്ച് ആറിനാണ് ദല്‍ഹി പൊലീസ് ക്രൈബ്രാഞ്ച് ഉമറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ദല്‍ഹിയില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ഉമറും സുഹൃത്തുക്കളും ഗൂഢാലോചന നടത്തി എന്നായിരുന്നു ഇതില്‍ പറഞ്ഞത്.

എന്നാല്‍, ബി.ജെ.പി ഐ.ടി സെല്ലില്‍ നിന്ന് പടച്ചുവിട്ട വീഡിയോ ദൃശ്യങ്ങളായിരുന്നു ഉമറിന്റെ പ്രസംഗമെന്ന പേരില്‍ ചാനലുകള്‍ പ്രചരിപ്പിച്ചതെന്ന് ഉമറിന്റെ അഭിഭാഷകന്‍ ത്രിദീപ് പയസ്
ദല്‍ഹി കോടതിയില്‍ അറിയിച്ചിരുന്നു.

റിപ്പബ്ലിക് ടി.വിയും ന്യൂസ് 18നുമാണ് ഉമറിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നത്. തെളിവെന്ന പേരില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഈ വീഡിയോകള്‍ക്ക് ആധികാരികതയില്ലെന്നും പയസ് പറഞ്ഞിരുന്നു.

ഇത് ഈ ചാനലുകാര്‍ ഷൂട്ട് ചെയ്ത വീഡിയോ അല്ലെന്നും ഇക്കാര്യം ഈ മാധ്യമസ്ഥാപനങ്ങള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പയസ് വ്യക്തമാക്കി.

ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ട്വീറ്റില്‍ നിന്നാണ് അവര്‍ക്ക് ദൃശ്യങ്ങള്‍ ലഭിച്ചത്, എന്ന പറഞ്ഞ പയസ്
റിപ്പബ്ലിക് ടി.വിയുടെ വിശദീകരണവും കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.

അറസ്റ്റിന് പിന്നാലെ രാഷ്ട്രീയ പ്രവര്‍ത്തകരടക്കം വിവിധ മേഖലയിലുള്ളവര്‍ ഉമറിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight: Umar Khalid denied bail in Delhi riots case