ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സംസാരിച്ചാല്‍ നമ്മളെ കമ്മ്യൂണിസ്റ്റ് ആക്കുകയാണ്; വിമര്‍ശനം തുടര്‍ന്ന് ഉമര്‍ ഫൈസി മുക്കം
Kerala
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സംസാരിച്ചാല്‍ നമ്മളെ കമ്മ്യൂണിസ്റ്റ് ആക്കുകയാണ്; വിമര്‍ശനം തുടര്‍ന്ന് ഉമര്‍ ഫൈസി മുക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th November 2025, 8:16 am

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ വിമര്‍ശനം തുടര്‍ന്ന് സമസ്ത. ജമാഅത്തെ ഇസ്‌ലാമി ഒരു ഭീകര സംഘടനയാണെന്നും ജനാധിപത്യ, മതേതരത്വ സ്വഭാവത്തോട് യോജിക്കാത്ത സംഘടനയാണെന്നും സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

കോഴിക്കോട് ഓമശ്ശേരിയില്‍ സമസ്തയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്‌ലാമിയെ നമ്മുടെ അടുക്കളയില്‍ എത്തിക്കേണ്ട ആവശ്യമില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉമര്‍ ഫൈസിയുടെ പ്രതികരണം.

ജമാഅത്തെയ്ക്ക് കൂട്ടുനില്‍ക്കുന്നത് അപകടമാണ്. അതിലൂടെ അവര്‍ വളരും. ഇന്നവര്‍ എവിടെയും ഇല്ല. എവിടെയും ഇല്ലാത്ത ജമാഅത്തെയെ കൂട്ടുപിടിക്കേണ്ടതില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കാര്യം പറഞ്ഞാല്‍ നമ്മളെ സഖാവും കമ്മ്യൂണിസ്റ്റും ഇടതുപക്ഷമെല്ലാം ആക്കുകയാണ്. എന്നാല്‍ തനിക്ക് പേടിയില്ല. ഇതെല്ലാം നമ്മള്‍ ഇപ്പോഴും പറയുന്ന കാര്യങ്ങളാണ്. ജമാഅത്തെ ഇസ്‌ലാമിയുണ്ടായ 1942 മുതല്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നിരന്തരമായി വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന സമസ്ത നേതാവാണ് ഉമര്‍ ഫൈസി മുക്കം. എന്നാല്‍ സമസ്തയിലെ ലീഗ് അനുകൂലികള്‍ അദ്ദേഹത്തെ പലപ്പോഴും കമ്മ്യൂണിസ്റ്റായി മുദ്രകുത്തുകയാണ് പതിവ്. ഇതിനെ മുന്‍നിര്‍ത്തിയാണ് ഉമര്‍ ഫൈസിയുടെ പരാമര്‍ശം.

കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെ വേദിയിലിരുത്തിയും യു.ഡി.എഫ്-ജമാഅത്തെ കൂട്ടുകെട്ടിനെതിരെ ഉമര്‍ ഫൈസി മുക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ജമാത്തെയുമായി അകലം പാലിക്കണമെന്നും അവരുമായി കൂട്ടുവേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയെ ഭൂമിയില്‍ തൊടാതെ നിര്‍ത്തിയത് സമസ്തയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആളെ കിട്ടാതെ വന്നപ്പോഴാണ് ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതെന്നും ഉമര്‍ ഫൈസി പരാമർശിച്ചിരുന്നു. കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

Content Highlight: Umar Faizi mukkam continued Criticism against Jamaat-e-Islami