തൃക്കാക്കരയില്‍ ചരിത്ര വിജയവുമായി ഉമ തോമസ്; നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ഒരേയൊരു വനിതാ അംഗമാകും; ഭൂരിപക്ഷം 25000ന് മുകളിൽ
Kerala News
തൃക്കാക്കരയില്‍ ചരിത്ര വിജയവുമായി ഉമ തോമസ്; നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ഒരേയൊരു വനിതാ അംഗമാകും; ഭൂരിപക്ഷം 25000ന് മുകളിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd June 2022, 12:26 pm

കൊച്ചി: തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഉമ തോമസിന് ആധികാരിക വിജയം. അഞ്ചാം റൗണ്ടില്‍ത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടില്‍ പി.ടി. തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. 25,112മാണ് ഉമ തോമസിന്റെ ഭൂരിപക്ഷം.

ബെന്നി ബഹനാന് കിട്ടിയതിനേക്കാള്‍ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി നിയമസഭയിലേക്ക് എത്തുന്നത്.

പതിനൊന്നാം റൗണ്ട് പൂർത്തിയായപ്പോൾത്തന്നെ  ഉമ തോമസിന്‍റെ ഭൂരിപക്ഷം കാൽലക്ഷം കടന്നിരുന്നു. ഇരുപതിൽത്താഴെ ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് മുൻതൂക്കം കിട്ടിയത്.

ഒ. രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ.എൻ. രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബി.ജെ.പിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കി.

ആദ്യ രണ്ട് റൗണ്ടിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ തന്നെ ഉമ തോമസ് വിജയം ഉറപ്പിച്ചിരുന്നു. ഭൂരിപക്ഷം എത്രയായിരിക്കും എന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് ലീഡ് നേടാനായില്ല.

ആകെയുള്ള 10 പോസ്റ്റല്‍ വോട്ടുകളില്‍ ഉമാ തോമസിന് മൂന്നും എല്‍.ഡി.എഫിനും ബി.ജെ.പിക്കും രണ്ട് വീതം വോട്ടും ലഭിച്ചു. മൂന്നെണ്ണം അസാധുവായി. 21 ബൂത്തുകളുള്ള ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസിന് 2249 വോട്ടിന്റെ ലീഡ്. ഇത്രയും ബൂത്തുകളില്‍ കഴിഞ്ഞ തവണ പി.ടി തോമസിന് ലഭിച്ചതിന്റെ ഇരട്ടി വോട്ട്. അപ്പോഴേക്കും വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജിന് പുറത്തും ഡിസിസി ഓഫീസിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.


Content Highlights: Uma Thomas’s History victory in Thrikkakara by election