കോമഡി റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ഉല്ലാസ് പന്തളം. അനായാസമായി കോമഡി ചെയ്ത് ഫലിപ്പിക്കാന്‍ കഴിവുള്ള ഉല്ലാസ് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം ഉല്ലാസിന്റേതായി പ്രചരിച്ച ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
കഴിഞ്ഞദിവസം തിരുവല്ലയില്‍ ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ താരം ഊന്നുവടിയുടെ സഹായത്തോടെയായിരുന്നു നടന്നത്. സ്‌ട്രോക്ക് ബാധിച്ച് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന ഉല്ലാസ് സംസാരിക്കാനും ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ വീഡിയോയുടെ താഴെ വന്ന കമന്റുകള്‍ താരത്തെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു.
ആദ്യഭാര്യ ആത്മഹത്യ ചെയ്തതിന്റെ കര്‍മഫലമാണ് ഇതെന്നും അത് അനുഭവിച്ച് തീരാതെ പോകാനാകില്ലെന്നുമാണ് പലരുടെയും കമന്റുകള്‍. ‘അഹങ്കാരം കൊണ്ട് ഓരോന്ന് കാണിച്ചാല്‍ അതിന് ദൈവം ഇങ്ങനെയൊക്കെ ശിക്ഷിക്കും’, ‘വിധിയുടെ പരീക്ഷണം എന്നല്ലാതെ ഒന്നും പറയാനില്ല’,
‘പെണ്‍ശാപം പെരും ശാപം, കാലം കണക്കു തീര്‍ക്കാതെ കടന്ന് പോകില്ല,, തണ്ടും തടിമിടുക്കും ഉള്ളപ്പോള്‍ ഓര്‍ക്കില്ല ആരും, ഒരിക്കല്‍ നമ്മള്‍ രോഗാതുരനാകും. താലികെട്ടിയവള്‍ക്ക് വിലകൊടുക്കാതെ ഒരു മുഴം കയറില്‍ ഒടുങ്ങാന്‍ വിട്ട് കൊടുക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു, രോഗവും മരണവും അതുറപ്പായും നമ്മളെ തേടി എത്തും, എല്ലാ ബന്ധങ്ങള്‍ക്ക് അതിന്റെതായ വിലനല്‍കുക’ എന്നിങ്ങനെയാണ് ഉല്ലാസിന്റെ അവസ്ഥയെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകള്‍.
എന്നാല്‍ ഒരാള്‍ വളരെ മോശം ആരോഗ്യാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം കമന്റിടുന്ന മോശം മാനസികാവസ്ഥ മലയാളികള്‍ക്ക് മാത്രമേ ഉണ്ടാകുള്ളൂവെന്ന് മറ്റ് ചിലര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഒരുപാട് ചിരിപ്പിച്ച കലാകാരന്‍, എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.
അമിതമായ മദ്യപാനം കാരണമാണ് ഈ അവസ്ഥയിലെത്തിയതെന്നും ചിലര്‍ ഉല്ലാസിനെ കുറ്റപ്പെടുത്തുന്നുണ്ട്. മുടങ്ങാതെ ഫിസിയോതെറാപ്പിയും മറ്റ് ചികിത്സകളും നടത്തി തിരിച്ചുവരാനും ചിലര്‍ കമന്റ് ബോക്‌സില്‍ ആവശ്യപ്പെടുന്നുണ്ട്. കാറില്‍ കയറാന്‍ ഉല്ലാസ് പന്തളം കഷ്ടപ്പെടുന്നത് വീഡിയോയില്‍ പകര്‍ത്തിയ ക്യാമറമാനെതിരെയും ചില കമന്റുകളുണ്ട്.
ഏഷ്യാനെറ്റിലെ കോമഡി റിയാലിറ്റി ഷോയിലൂടെയാണ് ഉല്ലാസ് മിനിസ്‌ക്രീനിലേക്കെത്തിയത്. വളരെ വേഗത്തില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെയാണ് ഉല്ലാസ് സിനിമാലോകത്തേക്ക് കടന്നുവന്നത്. 50ലധികം ചിത്രങ്ങളില്‍ ഉല്ലാസ് പന്തളം ഭാഗമായിട്ടുണ്ട്.
Content Highlight: Ullas Pandalam facing hate comment even he got stroke