റഷ്യക്കെതിരെ ഉക്രൈന്‍ പ്രഹരം; നാല് സൈനികത്താവളങ്ങള്‍ ആക്രമിച്ചു, യുദ്ധവിമാനങ്ങള്‍ തകര്‍ത്തു
World News
റഷ്യക്കെതിരെ ഉക്രൈന്‍ പ്രഹരം; നാല് സൈനികത്താവളങ്ങള്‍ ആക്രമിച്ചു, യുദ്ധവിമാനങ്ങള്‍ തകര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st June 2025, 7:17 pm

മോസ്‌കൊ: റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഉക്രൈന്‍. ഒലെന്യ, ബെലായ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ നാല് സൈനിക കേന്ദ്രങ്ങളില്‍ ഉക്രൈന്‍ ഒരേസമയം ആക്രമണം നടത്തിയതായാണ് വിവരം.

ഇര്‍കുട്സ്‌ക് മേഖലയിലെ സ്രെഡ്നി സെറ്റില്‍മെന്റിലെ ഒരു സൈനിക യൂണിറ്റിനെ ഉക്രേനിയന്‍ ഡ്രോണുകള്‍ ആക്രമിച്ചതായി റീജിയണല്‍ ഗവര്‍ണര്‍ ഇഗോര്‍ കോബ്സെവ് സ്ഥിരീകരിച്ചു.

മര്‍മാന്‍സ്‌ക് മേഖലയിലെ ഒലെന്യ എയര്‍ ബേസിന് സമീപം സ്‌ഫോടനങ്ങളും കനത്ത പുകയും ഉണ്ടായതായി ബെലാറഷ്യന്‍ വാര്‍ത്താ മാധ്യമമായ നെക്സ്റ്റ റിപ്പോര്‍ട്ട് ചെയ്തു.

ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റഷ്യയുടെ തന്ത്രപ്രധാനമായ വ്യോമയാന സൗകര്യങ്ങളിലൊന്നാണ് ഒലെന്യ.

എന്നാല്‍ ആക്രമണം നടന്നതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെയുണ്ടായിട്ടില്ല. ആക്രമണത്തില്‍ ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഉക്രൈന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ എസ്.ബി.യു ആണ് റഷ്യയെ ആക്രമിച്ചത്. ആക്രമണത്തില്‍ A-50, Tu-95, Tu-22 M3 എന്നിവയുള്‍പ്പെടെ 40ലധികം റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായാണ് ദി കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയുടെ Tu-95, Tu-22 സ്ട്രാറ്റജിക് ബോംബറുകള്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് ആക്രമണത്തില്‍ തകര്‍ന്നത്. റഷ്യയ്ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ ഉക്രൈനിന്റെ ആദ്യത്തെ ഡ്രോണ്‍ ആക്രമണം കൂടിയാണിത്.

കഴിഞ്ഞയാഴ്ച റഷ്യ ഉക്രൈനില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. 367 ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ഉക്രൈനെ ആക്രമിച്ചത്. ഇതിനുപിന്നാലെയാണ് റഷ്യന്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടക്കുന്നത്.

അതേസമയം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച ഇസ്‌താംബൂളിൽ നടന്ന യോഗത്തില്‍ തടവുകാരെ കൈമാറുമെന്ന് ഉക്രൈനും റഷ്യയും ഉറപ്പ് നല്‍കിയിരുന്നു.

അതേസമയം ആക്രമണങ്ങള്‍ക്ക് ശേഷം 303 തടവുകാരെ റഷ്യയും ഉക്രൈനും കൈമാറിയതായുംഎ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിനായി ഉക്രൈന്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 13 പേര്‍ കൊല്ലപ്പെട്ട ആക്രമണമുണ്ടായത്.

Content Highlight: Ukraine strikes against Russia; four military bases attacked, fighter jets destroyed