ഗസ നിവാസികളുടെ പൊണ്ണത്തടി കുറയ്ക്കാൻ യുദ്ധം സഹായിക്കും, ക്രൂര പരാമർശവുമായി ബ്രിട്ടീഷ് അഭിഭാഷക സംഘടന; പ്രതിഷേധം
World News
ഗസ നിവാസികളുടെ പൊണ്ണത്തടി കുറയ്ക്കാൻ യുദ്ധം സഹായിക്കും, ക്രൂര പരാമർശവുമായി ബ്രിട്ടീഷ് അഭിഭാഷക സംഘടന; പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th May 2025, 6:31 am

ഗസ: ഗസയിലെ പൊണ്ണത്തടി കുറയ്ക്കാൻ യുദ്ധം സഹായിക്കുമെന്ന ക്രൂരമായ പരാമർശവുമായി ഇസ്രഈലിനായി വാദിക്കുന്ന ബ്രിട്ടീഷ് അഭിഭാഷക സംഘടന. ഗസയിൽ പട്ടിണിയും മാന്ദ്യവും കൊടുമ്പിരി കൊള്ളുന്ന നേരത്തുള്ള ഈ ക്രൂര പ്രസ്താവന വലിയ വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്.

ഗസയിൽ വരാനിരിക്കുന്ന ക്ഷാമത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്കിടെ വന്ന യു.കെ ലോയേഴ്‌സ് ഫോർ ഇസ്രഈൽ (യു.കെ.എൽ.എഫ്‌.ഐ)യുടെ പരാമർശത്തെ ഫലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ (പി.എസ്‌..സി) അപലപിച്ചു. യു.കെ.എൽ.എഫ്‌.ഐയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ ജോനാഥൻ ടർണറാണ് ഈ പ്രസ്താവന നടത്തിയത്. കോ-ഓപ്പറേറ്റീവ് ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗത്തിൽ ചർച്ച ചെയ്യാൻ പോകുന്ന പ്രമേയത്തിന് മറുപടിയായായിരുന്നു ടാർണറുടെ പ്രസ്താവന.

സഹകരണ കൗൺസിലിനോട് പ്രമേയം പിൻവലിക്കാൻ ആവശ്യപ്പെട്ട ടർണർ ഗസയിൽ 1,86,000 പേര് കൊല്ലപ്പെട്ടുവെന്ന കണക്ക് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വാദിച്ചു. കഴിഞ്ഞ വർഷം ലാൻസെറ്റ് പ്രസിദ്ധീകരിച്ച ഒരു കത്തിൽ നിന്നുള്ള ഈ കണക്ക് പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സഹകരണ ഗ്രൂപ്പ് സെക്രട്ടറിക്ക് അയച്ച കത്തിൽ ടർണർ എഴുതി. പരോക്ഷമായ മരണങ്ങൾ ഉൾപ്പെടെ കണക്കാക്കിയ കണക്കായിരുന്നു അത്.

ലാൻസെറ്റ്, ഗസയിലെ ശരാശരി ആയുർദൈർഘ്യം വർധിപ്പിക്കുന്ന ഘടകങ്ങളെ അവഗണിച്ചുവെന്നും ടർണർ പറഞ്ഞു. നിലവിലെ യുദ്ധത്തിന് മുമ്പ് ഗസയിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്ന് അമിതവണ്ണമായിരുന്നുവെന്ന് ടാർണർ അവകാശപ്പെട്ടു.

ടാർണറുടെ അഭിപ്രായങ്ങൾ ക്രൂരമാണെന്ന് കൗൺസിൽ ഫോർ അറബ് ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിങ്ങിൻ്റെ ഡയറക്‌ടർ ക്രിസ് ഡോയൽ വിമർശിച്ചു. 2.3 ദശലക്ഷം ഫലസ്തീനികളെ അവരുടെ പൊണ്ണത്തടിയുടെ അളവ് മെച്ചപ്പെടുത്തുന്നതിനായി ‘നിർബന്ധിത ഭക്ഷണക്രമത്തിൽ’ ഉൾപ്പെടുത്തുന്നത് ഇസ്രഈൽ എത്ര ‘ദയാലുവാണെന്ന്’ കാണിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു

ഇസ്രഈൽ ഗസയിൽ ആക്രമണം ആരംഭിച്ചതിനുശേഷം മരിച്ചവരുടെ എണ്ണം 52,000ത്തിലധികമാണെന്ന് ഗസ ആരോഗ്യ വകുപ്പ് പറയുന്നു. യുദ്ധത്തിന്റെ ആദ്യ 12 മാസങ്ങളിൽ ഗസയിലെ ആയുർദൈർഘ്യം 34.9 വർഷം കുറഞ്ഞതായി ഒരു പ്രത്യേക പഠനത്തിൽ ലാൻസെറ്റ് കണ്ടെത്തി. യുദ്ധത്തിനു മുമ്പുള്ള 75.5 വർഷത്തെ അപേക്ഷിച്ച് പകുതിയോളമാണിത്.

മുൻ സുപ്രീം കോടതി ജഡ്ജി ജോൺ ഡൈസൺ, മുൻ കൺസർവേറ്റീവ് നേതാവ് മൈക്കൽ ഹോവാർഡ്, ബോറിസ് ജോൺസണെയും അന്തരിച്ച രാജ്ഞിയെയും പ്രതിനിധീകരിച്ച ഡേവിഡ് പാനിക് കെസി എന്നിവരാണ് യു.കെ.എൽ.എഫ്‌.ഐയുടെ പ്രധാന അധികാരികൾ.

 

Content Highlight: UK Lawyers for Israel condemned over claim war may reduce obesity in Gaza