നിരോധിത ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന ഹമാസിന്റെ ആവശ്യം തള്ളി യു.കെ
Trending
നിരോധിത ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന ഹമാസിന്റെ ആവശ്യം തള്ളി യു.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2025, 7:34 am

ലണ്ടൺ: നിരോധിത ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് തങ്ങളെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹമാസ് സമർപ്പിച്ച അപേക്ഷ തള്ളി ബ്രിട്ടീഷ് സർക്കാർ. സർക്കാരിന്റെ നിരോധിത സംഘടനകളുടെ പട്ടികയിൽ ഹമാസ് തുടരുന്നുവെന്ന് ബ്രിട്ടന്റെ ആഭ്യന്തര കാര്യാലയ വക്താവ് ഇന്നലെ (വ്യാഴാഴ്ച) സ്ഥിരീകരിച്ചു.

‘നിരോധിക്കപ്പെട്ട സംഘടനകളുടെ പട്ടിക സർക്കാർ പതിവായി അവലോകനം ചെയ്യുന്നുണ്ട്. ഇത്തരം നിരോധിക്കപ്പെട്ട ഗ്രൂപ്പുകളെക്കുറിച്ച് ഞങ്ങൾ പതിവായി അഭിപ്രായം പറയാറില്ലെങ്കിലും, ഹരകത്ത് അൽ-മുഖാവമ (ഹമാസ്) ഇപ്പോഴും നിരോധിത സംഘടനയുടെ പട്ടികയിൽ ഉണ്ടെന്ന് ഞങ്ങൾ സ്ഥിരീകരിക്കുകയാണ്,’ ആഭ്യന്തര കാര്യാലയ വക്താവ് പറഞ്ഞു.

2021ൽ മുൻ യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഹമാസിനെ പൂർണമായും നിരോധിക്കാനുള്ള തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ ഹമാസിന്റെ വിദേശകാര്യ ഓഫീസ് മേധാവി മൂസ അബു മർസൂഖ് ഈ വർഷം ആദ്യം, അഭിഭാഷകർക്ക് നിർദേശം നൽകി.

ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സിനെ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് യു.കെ നിരോധിച്ചിരുന്നു. എന്നിരുന്നാലും, രാഷ്ട്രീയ, സൈനിക വിഭാഗങ്ങൾക്കിടയിൽ വ്യത്യാസം ഇല്ലെന്ന് വാദിച്ചുകൊണ്ട് പട്ടേൽ സംഘടനയെ മുഴുവനായും നിരോധിക്കുകയായിരുന്നു.

തുടർന്ന് വൺ പമ്പ് കോർട്ട് ചേംബേഴ്സിലെ അഭിഭാഷകനായ ഡാനിയേൽ ഗ്രട്ടേഴ്സും ഗാർഡൻ കോർട്ട് ചേംബേഴ്സിലെ അഭിഭാഷകനായ ഫ്രാങ്ക് മാഗെന്നിസും 106 പേജുള്ള അപേക്ഷ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറിന് സമർപ്പിച്ചു. 2021ലെ തീരുമാനം സ്റ്റേറ്റ് സെക്രട്ടറിയുടെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസൃതമായി ഉണ്ടായതാണെന്ന് അപേക്ഷയിൽ അവർ വാദിച്ചു.

ഹമാസിന് ഏർപ്പെടുത്തിയ നിരോധനം സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള ഗ്രൂപ്പിന്റെ കഴിവിനെ തടസപ്പെടുത്തുന്നുവെന്നും, ദീർഘകാല ഒത്തുതീർപ്പ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളെ തടസപ്പെടുത്തുന്നുവെന്നും ഹമാസ് പറഞ്ഞു. ഇത് ഗസയിൽ താമസിക്കുന്ന സാധാരണക്കാരായ ഫലസ്തീനികളെ കുറ്റവാളികളാക്കുന്നുവെന്നും ഹമാസ് പറഞ്ഞു.

വിലക്കിയ ഗ്രൂപ്പുകൾക്ക് അവരുടെ വിലക്ക് നീക്കാൻ ആഭ്യന്തര സെക്രട്ടറിയെ സമീപിക്കാവുന്നതാണ്. ഒരു നിരോധിത സംഘടന അതിന്റെ പദവിയെ ചോദ്യം ചെയ്യുമ്പോൾ അതിൽ തീരുമാനമെടുക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് 90 ദിവസത്തെ സമയമുണ്ട്. തീവ്രവാദ നിയമത്തിലെ സെക്ഷൻ നാല് പ്രകാരം, തീവ്രവാദ സംഘടനയായി നാമനിർദേശം ചെയ്യപ്പെട്ട ഏതൊരു സംഘടനയ്ക്കും സർക്കാരിന്റെ നിരോധിത സംഘടനകളുടെ പട്ടികയിൽ നിന്ന് അതിന്റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകാം.

സായുധ സംഘട്ടനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു ഗ്രൂപ്പിനെയും നിരോധിത പട്ടികയിൽ നിന്ന് ചേർക്കാനോ നീക്കം ചെയ്യാനോ ഉള്ള വിവേചനാധികാരം ആഭ്യന്തര സെക്രട്ടറിക്കുണ്ട്.

ഗസക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിന് യു.കെ നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ഫലസ്തീൻ ആക്ഷൻ പ്രവർത്തകർ ഒരു സൈനിക താവളത്തിലേക്ക് അതിക്രമിച്ച് കയറി രണ്ട് വിമാനങ്ങളിൽ ചുവന്ന പെയിന്റ് തളിച്ചിരുന്നു. പിന്നാലെ ഫലസ്തീൻ ആക്ഷനെ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചിരുന്നു.

Content Highlight: UK Home Office rejects Hamas application to overturn terror list ban