ലണ്ടൻ: മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം മുസ്‌ലിം വിരുദ്ധ വിദ്വേഷങ്ങൾക്ക് നിർവചനം നൽകാനൊരുങ്ങി യു.കെ സർക്കാർ.
തിങ്കളാഴ്ച ഹൗസ് ഓഫ് കോമൺസിൽ സംസാരിക്കവെയാണ് കമ്മ്യൂണിറ്റി സെക്രട്ടറി സ്റ്റീവ് റീഡ് പദ്ധതി അവതരിപ്പിച്ചത് .
ലണ്ടൻ: മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം മുസ്‌ലിം വിരുദ്ധ വിദ്വേഷങ്ങൾക്ക് നിർവചനം നൽകാനൊരുങ്ങി യു.കെ സർക്കാർ.
തിങ്കളാഴ്ച ഹൗസ് ഓഫ് കോമൺസിൽ സംസാരിക്കവെയാണ് കമ്മ്യൂണിറ്റി സെക്രട്ടറി സ്റ്റീവ് റീഡ് പദ്ധതി അവതരിപ്പിച്ചത് .
മുസ്‌ലിം വിഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള വിദ്വേഷങ്ങൾ മുൻകാലങ്ങളില്ലാത്തവിധം വർധിച്ചുവരികയാണെന്നും പല മുസ്‌ലിം വിശ്വാസികളും തങ്ങളുടെ രൂപം കൊണ്ടോ അല്ലെങ്കിൽ തങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്ന മുൻ ധാരണകൾ കൊണ്ടോ അക്രമിക്കപ്പെടും എന്ന ഭയത്തിലാണ് കഴിയുന്നതെന്നും റീഡ് ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു.
‘ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ നിർവചിക്കപ്പെടാത്ത പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ പരിമിതികൾ ഉണ്ട്,’ അദ്ദേഹം പറഞ്ഞു.
‘മുസ്‌ലീങ്ങൾക്കോ അല്ലെങ്കിൽ മുസ്‌ലീങ്ങൾ ആണെന്ന് കരുതപ്പെടുന്നവർക്കോ നേരെ നടക്കുന്ന മുൻവിധി, വിവേചനം, വിദ്വേഷം എന്നിവയെ കൃത്യമായി വ്യക്തമാക്കുന്ന മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിന്റെ ഒരു പുതിയ നിർവചനം സ്വീകരിക്കുന്ന ചരിത്രപരമായ തീരുമാനമാണ് സർക്കാർ കൈക്കൊള്ളുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂതവിരുദ്ധ പരാമർശങ്ങളെ നിയന്ത്രിക്കാൻ ഉദ്യോഗസ്‌ഥരെ നിയമിച്ചതിന് സമാനമായി മുസ്‌ലിം വിദ്വേഷത്തെ നിയന്ത്രിക്കാനും ഉദ്യോഗസ്ഥരെ നിയമിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു.
എങ്കിലും, ഘടനാപരമായ ഇസ്‌ലാമോഫോബിയയെ നേരിടാൻ ഈ നിർവചനം പര്യാപ്തമാണോ എന്നും, ഇത് നടപ്പിലാക്കുന്നതിനും പരിശോധിക്കുന്നതിലും ആവശ്യമായ വിഭവങ്ങളും സംവിധാനങ്ങളും ഉണ്ടോ എന്നും വിമർശകർ ചോദ്യം ഉന്നയിക്കുന്നുണ്ട്.
വർഷങ്ങൾക്ക് മുൻപ് ജൂതവിരുദ്ധതയ്ക്കായി സമാനമായ നിർവചനങ്ങൾ കൊണ്ടുവന്നതിന് ശേഷം, ഏറെ കാലമായി കാത്തിരുന്ന നടപടിയാണ് ഇപ്പോൾ സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
മുൻ കൺസർവേറ്റീവ് മന്ത്രി ഡൊമിനിക് ഗ്രീവ്, മുസ്‌ലിം പണ്ഡിതർ എന്നിവരടങ്ങുന്ന അഞ്ചംഗ വിദഗ്ദ്ധ ബെഞ്ചാണ് മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇത്തരമൊരു തീരുമാനത്തിലേക്കെത്തുന്നത്.
Content highlight: UK government unveils new definition of anti-Muslim hatred