ലണ്ടന്‍: യു.കെയിലെ ഇസ്രഈലി ആയുധ നിര്‍മാണ ഫാക്ടറിയിയില്‍ കയറി കോടികളുടെ നാശനഷ്ടം വരുത്തുകയും പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ചെയ്‌തെന്ന കേസില്‍ നാല് ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകള്‍ക്ക് ശിക്ഷ വിധിച്ച് യു.കെ കോടതി.
കുറ്റവാളികള്‍ക്ക് മേല്‍ നേരിട്ട് ഭീകരവാദ കുറ്റങ്ങള്‍ ചുമത്തിയിരുന്നില്ലെങ്കിലും, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ‘തീവ്രവാദ ബന്ധം’ ഉണ്ടെന്ന് നിരീക്ഷിച്ചാണ് വൂള്‍വിച്ച് ക്രൗണ്‍ കോടതിയിലെ ജഡ്ജി ജസ്റ്റിസ് ജെറമി ജോണ്‍സണ്‍ ശിക്ഷ വിധിച്ചത്. അക്രമരഹിതമായ സിവില്‍ കുറ്റകൃത്യങ്ങളില്‍ ഭീകരവാദ നിയമം ഇപ്രകാരം പ്രയോഗിക്കുന്നത് യു.കെ നിയമചരിത്രത്തില്‍ ഇതാദ്യമായാണ്.
2024 ഓഗസ്റ്റില്‍ ബ്രിസ്റ്റലിനടുത്തുള്ള ഫില്‍ട്ടണിലെ ‘എല്‍ബിറ്റ് സിസ്റ്റംസ്’ എന്ന ഇസ്രഈലി ആയുധ നിര്‍മാണ ഫാക്ടറിയിലേക്ക് ‘ഫലസ്തീന്‍ ആക്ഷന്‍’ ഗ്രൂപ്പിലെ അംഗങ്ങള്‍ പ്രവേശിച്ചതിലാണ് കേസ്.
ഗസയില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ ഉപയോഗിക്കുന്ന ഡ്രോണുകളും മറ്റ് സൈനിക ഉപകരണങ്ങളും നശിപ്പിക്കണമെന്നും സംഘം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഫാക്ടറിക്കുള്ളിലെ കമ്പ്യൂട്ടറുകളും ഡ്രോണുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇവര്‍ തകര്‍ത്തെന്നും ഏകദേശം 1.2 മില്യണ്‍ പൗണ്ട് (1.6 മില്യണ്‍ ഡോളര്‍) നാശനഷ്ടമാണ് വരുത്തിവെച്ചതെന്നുമാണ് കേസ്.
കഴിഞ്ഞ മാസം നടന്ന വിചാരണയിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രതികളില്‍ ഒരാളായ മുന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സാമുവല്‍ കോര്‍ണര്‍ (23), തന്നെ തടയാന്‍ ശ്രമിച്ച പൊലീസ് സര്‍ജന്റ് കേറ്റ് ഇവാന്‍സിനെ 3 കിലോഗ്രാം ഭാരമുള്ള സ്ലെഡ്ജ്ഹാമര്‍ (ചുറ്റിക) ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിച്ചെന്നും കേസുണ്ടായിരുന്നു.
ആക്രമണത്തില്‍ ഓഫീസറുടെ നട്ടെല്ലിന് പരിക്കേറ്റെന്നും അവര്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നെന്നും ജഡ്ജി നിരീക്ഷിച്ചു.
സാമുവല്‍ കോര്‍ണറിന് ക്രിമിനല്‍ നാശനഷ്ടം വരുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേല്‍പ്പിച്ചതിനും കൂടി 7 വര്‍ഷവും 8 മാസവും തടവ് ശിക്ഷയാണ് വിധിച്ചത്.
ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് പരോള്‍ വ്യവസ്ഥകളില്‍ ഇളവുകള്‍ ലഭിക്കില്ല. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാലും ഇവര്‍ പരോള്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഒരു വര്‍ഷം അധികമായി ഇവര്‍ കമ്മ്യൂണിറ്റി ലൈസന്‍സില്‍ കഴിയേണ്ടി വരുമെന്നും കോടതി വിധിച്ചു.
പ്രതികള്‍ ഈ അക്രമം നടത്തിയത് സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ ജയിപ്പിക്കാനും ബ്രിട്ടീഷ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനും വേണ്ടിയാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
യു.കെയിലെ നിയമപ്രകാരം, സര്‍ക്കാരിനെയോ പൊതുജനങ്ങളെയോ ഭയപ്പെടുത്താനോ സ്വാധീനിക്കാനോ വേണ്ടി വലിയ രീതിയില്‍ നാശനഷ്ടങ്ങളോ അക്രമങ്ങളോ ഉണ്ടാക്കിയാല്‍ അതിനെ തീവ്രവാദമായി കണക്കാക്കാം.
എന്നാല്‍ പ്രതിഭാഗം അഭിഭാഷകനായ കെ.സി. രാജീവ് മേനോന്‍ ഈ വാദങ്ങളെ ശക്തമായി എതിര്‍ത്തു. കേസില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ സമഗ്രത തകര്‍ക്കുന്നതാണെന്നും, ഇത് രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വാദിച്ചു.
ആദ്യമായി കേസ് കോടതിയില്‍ വന്നപ്പോള്‍, പ്രതികള്‍ക്കെതിരെയുള്ള മോഷണക്കുറ്റവും വലിയ രീതിയിലുള്ള അക്രമക്കുറ്റങ്ങളും കോടതി തള്ളിക്കളഞ്ഞിരുന്നു എന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.
ബ്രിട്ടീഷ് സൈനിക ഉപകരണങ്ങളും ഇസ്രഈല്‍ കേന്ദ്രങ്ങളും തകര്‍ക്കുന്നു എന്ന കാരണത്താല്‍ 2000ലെ ഭീകരവാദ നിയമപ്രകാരം കഴിഞ്ഞ വര്‍ഷം ജൂലൈ 5 മുതല്‍ പ്രാബല്യത്തില്‍ വരുംവിധം ‘ഫലസ്തീന്‍ ആക്ഷന്‍’ ഗ്രൂപ്പിനെ യുകെ സര്‍ക്കാര്‍ നിരോധിച്ച സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ നിരോധനം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചെങ്കിലും, സര്‍ക്കാരിന്റെ അപ്പീലില്‍ അന്തിമ വിധി വരുന്നത് വരെ നിരോധനം തുടരുകയാണ്. ഈ നിരോധനത്തിന് ശേഷം റാലികളില്‍ പങ്കെടുത്ത ഏകദേശം 3,000 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിധി പുറത്തുവന്ന ശേഷം ലണ്ടനിലെ വൂള്‍വിച്ച് ക്രൗണ്‍ കോടതിക്ക് പുറത്ത് പ്രതികള്‍ക്ക് പിന്തുണയുമായി അഞ്ഞൂറോളം പ്രതിഷേധക്കാര്‍ ഒത്തുകൂടി. നിരോധിത സംഘടനയെ പിന്തുണയ്ക്കുന്ന ബാനറുകളും പതാകകളും ഉയര്‍ത്തിയതിന് നൂറിലധികം പ്രകടനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കൊണ്ടുപോയ ജയില്‍ വാന്‍ തടയാന്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചവരെ നീക്കം ചെയ്യാന്‍ ഒടുവില്‍ ടെറിട്ടോറിയല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് ഓഫീസര്‍മാരെ പൊലീസിന് രംഗത്തിറക്കേണ്ടി വന്നു.
കോടതി വിധിക്കെതിരെ യു.കെയിലെ രാഷ്ട്രീയ രംഗത്തുനിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശത്തിന് നേരെയുള്ള അപകടകരമായ ആക്രമണമാണ് ഈ ശിക്ഷയെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവ് സാക്ക് പൊളാന്‍സ്‌കി പ്രതികരിച്ചു.
ശിക്ഷകളുടെ വ്യാപ്തി ശരിക്കും ഞെട്ടിക്കുന്നതാണെന്ന് ലേബര്‍ എം.പി ജോണ്‍ മക്ഡൊണലും വ്യക്തമാക്കി. ഫലസ്തീനികളുടെ ജീവന്‍ രക്ഷിക്കാനുള്ള നേരിട്ടുള്ള നടപടിയാണ് തങ്ങള്‍ സ്വീകരിച്ചതെന്നും തീവ്രവാദമല്ലെന്നും അവകാശപ്പെട്ട ‘ഫില്‍ട്ടണ്‍ 25 ഡിഫന്‍സ് കമ്മിറ്റി’ എന്‍.ജി.ഒ, കോടതി വിധിയില്‍ അപ്പീല്‍ പോകുമെന്നും അറിയിച്ചു.
Content Highlight: UK court jails Palestine Action activists on ‘terrorism’ charges