ആറ് യുവേഫ കിരീടം! 15 ചാമ്പ്യന്‍സ് ട്രോഫിയടിച്ച റയലിന് പോലുമില്ലാത്തത്; ചെല്‍സിക്ക് യുവേഫയുടെ പ്രത്യേക പുരസ്‌കാരം
Sports News
ആറ് യുവേഫ കിരീടം! 15 ചാമ്പ്യന്‍സ് ട്രോഫിയടിച്ച റയലിന് പോലുമില്ലാത്തത്; ചെല്‍സിക്ക് യുവേഫയുടെ പ്രത്യേക പുരസ്‌കാരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th August 2025, 2:01 pm

യുവേഫ ചാമ്പ്യന്‍സ് ട്രോഫി 2025-26ലെ ലീഗ് മത്സരങ്ങള്‍ക്കുള്ള ഡ്രോയില്‍ ചെല്‍സിക്ക് പ്രത്യേക അംഗീകാരവുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ യുവേഫ. ആറ് വ്യത്യസ്ത യൂറോപ്യന്‍ കിരീടങ്ങള്‍ നേടിയ ഏക ടീം എന്ന ബ്ലൂസിന്റെ നേട്ടത്തെയാണ് യുവേഫ അംഗീകരിച്ചത്.

കഴിഞ്ഞ സീസണില്‍ റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി യുവേഫ കോണ്‍ഫറന്‍സ് ലീഗ് സ്വന്താക്കിയതോടെയാണ് ചെല്‍സി യൂറോപ്യന്‍ സെറ്റ് പൂര്‍ത്തിയാക്കിയത്.

View this post on Instagram

A post shared by UEFA (@uefa)

യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ കോണ്‍ഫറന്‍സ് ലീഗ്, യുവേഫ യൂത്ത് ലീഗ്, യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പ് എന്നീ കിരീടങ്ങളാണ് ചെല്‍സി തങ്ങളുടെ ട്രോഫി ക്യാബിനെറ്റിലെത്തിച്ചത്.

 

രണ്ട് തവണയാണ് ചെല്‍സി യൂറോപ്യന്‍ ഫുട്‌ബോളിന്റെ നെറുകയിലെത്തിയത്. 2012ല്‍ ബയേണ്‍ മ്യൂണിക്കിനെ പെനാല്‍ട്ടി ഷൂട്ട്ഔട്ടില്‍ പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ശിരസിലണിഞ്ഞ പെന്‍ഷനേഴ്‌സ്, 2021ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചും യൂറോപ്പിന്റെ രാജാക്കന്‍മാരായി.

2021 ചാമ്പ്യന്‍സ് ലീഗ്

ചാമ്പ്യന്‍സ് ലീഗ് എന്ന പോലെ രണ്ട് തവണയാണ് ചെല്‍സി യുവേഫ യൂറോപ്പ ലീഗ് ടൈറ്റിലും സ്വന്തമാക്കിയത്. 2013ല്‍ ബെന്‍ഫിക്കയെ 2-1നും 2019ല്‍ ആഴ്‌സണലിനെ 4-1ന് തോല്‍പ്പിച്ചുമാണ് ബ്ലൂസ് യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ടാം കിരീടവും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തിച്ചത്.

2019 യുവേഫ യൂറോപ്പ ലീഗ്

1998ലും 2021ലുമാണ് ചെല്‍സി യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്. 98ല്‍ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിലും 2021ല്‍ വിയ്യാറയലിനെ പെനാല്‍ട്ടിയിലും തോല്‍പിച്ചാണ് ചെല്‍സി കിരീടമുയര്‍ത്തിയത്.

2021 സൂപ്പര്‍ കപ്പ്

 

2024-25 സീസണില്‍ പെലിഗ്രിനിയുടെ റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ച ചെല്‍സി തേര്‍ഡ് ടയര്‍ യൂറോപ്യന്‍ കിരീടമായ യുവേഫ കോണ്‍ഫറന്‍സ് ലീഗും സ്വന്തമാക്കി. യുവേഫ ഫൈനലുകളില്‍ രണ്ട് പതിറ്റാണ്ടില്‍ ഒരിക്കല്‍പ്പോലും പരാജയപ്പെട്ടിട്ടില്ല എന്ന സ്പാനിഷ് ക്ലബ്ബുകളുടെ ചരിത്രത്തിനും വിരാമമിട്ടുകൊണ്ടായിരുന്നു ചെല്‍സിയുടെ കിരീടനേട്ടം.

കോണ്‍ഫറന്‍സ് ലീഗ്

യൂറോപ്പിലെ മിക്ക ബിഗ് ക്ലബ്ബുകളും യുവേഫ കോണ്‍ഫറന്‍സ് ലീഗിലേക്ക് താഴ്ന്നിട്ടില്ല എന്നതാണ് ചെല്‍സിയുടെ ആറ് വ്യത്യസ്ത യൂറോപ്യന്‍ കിരീടം നേടിയ ഏക ടീം എന്ന നേട്ടത്തിന് കാരണമെന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

കപ്പ് വിന്നേഴ്‌സ് കപ്പ് 1998

രണ്ട് തവണ തന്നെയാണ്‌ ചെല്‍സി കപ്പ് വിന്നേഴ്‌സ് കപ്പും യുവേഫ യൂത്ത് ലീഗും സ്വന്തമാക്കിയത്. 1971ല്‍ റയലിനെയും 1998ല്‍ വി.എഫ്.ബി സ്റ്റുട്ഗാര്‍ട്ടിനെയും പരാജയപ്പെടുത്തി കപ്പ് വിന്നേഴ്‌സ് കപ്പ് സ്വന്തമാക്കിയ ചെല്‍സി, 2015ലും 2016ലുമാണ് യൂത്ത് ലീഗ് വിജയിച്ചത്. ഷാക്തറും പി.എസ്.ജിയുമായിരുന്നു യഥാക്രമം എതിരാളികള്‍.

2016 യൂത്ത് ലീഗ്

അതേസമയം, 2025-26 സീസണില്‍ ചാമ്പ്യന്‍സ് ലീഗിലേക്ക് തിരിച്ചെത്തിയ ചെല്‍സിക്ക് കാര്യങ്ങള്‍ എളുപ്പമല്ല. സ്പാനിഷ് വമ്പന്‍മാരായ എഫ്.സി ബാഴ്‌സലോണ, ജര്‍മന്‍ ജയന്റ്‌സ് ബയേണ്‍ മ്യൂണിക് എന്നിവര്‍ക്കെതിരെയെല്ലാം ലീഗ് ഘട്ടത്തില്‍ ബ്ലൂസിന് മത്സരമുണ്ട്.

ലീഗ് ഘട്ടത്തില്‍ ചെല്‍സിയുടെ എതിരാളികള്‍

എഫ്.സി ബാഴ്‌സലോണ (സ്‌പെയ്ന്‍)

ബയേണ്‍ മ്യൂണിക് (ജര്‍മനി)*

ബെന്‍ഫിക്ക (പോര്‍ച്ചുഗല്‍)

അറ്റ്‌ലാന്റ (ഇറ്റലി)*

അയാക്‌സ് (നെതര്‍ലന്‍ഡ്‌സ്)

നാപ്പോളി (ഇറ്റലി)*

പാഫോസ് (സൈപ്രസ്)

ഖരാബാഗ് (അസര്‍ബൈജാന്‍)*

*എവേ മത്സരങ്ങള്‍

 

Content highlight: UEFA presented new award just for Chelsea at Champions League draw