കഴിഞ്ഞ ദിവസം നടന്ന യുവേഫ കോണ്‍ഫറന്‍സ് ലീഗ് കിരീപ്പോരാട്ടത്തില്‍ റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി ചെല്‍സി കിരീടമണിഞ്ഞിരുന്നു. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ഇംഗ്ലീഷ് വമ്പന്‍മാരുടെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ചെല്‍സിയുടെ വമ്പന്‍ തിരിച്ചുവരവിന് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.
ഇതോടെ അഞ്ച് യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കുന്ന ആദ്യ ടീം എന്ന റെക്കോഡും പെന്‍ഷനേഴ്‌സ് സ്വന്തമാക്കി.
യുവേഫ ചാമ്പ്യന്‍സ് ലീഗ് (2011/12, 2020/21), യുവേഫ യൂറോപ്പ ലീഗ് (2012/13, 2018/19), യുവേഫ സൂപ്പര്‍ കപ്പ് (1998, 2021), യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പ് (1970/71, 19997/98), കോണ്‍ഫറന്‍സ് ലീഗ് (2024/25) എന്നിവയാണ് ചെല്‍സി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തിച്ചത്.
ഇതോടെ മറ്റൊരു ചരിത്ര നേട്ടത്തിനും ചെല്‍സി കാരണക്കാരായി. കഴിഞ്ഞ 23 വര്‍ഷത്തില്‍ യുവഫ ഫൈനല്‍ പോരാട്ടങ്ങളില്‍ സ്പാനിഷ് ടീമുകളുടെ അപ്രമാദിത്യം അവസാനിപ്പിക്കുന്ന ആദ്യ ടീമായും ചെല്‍സി മാറി.
കഴിഞ്ഞ 23 വര്‍ഷത്തിനിടെ യുവേഫ ഫൈനല്‍ കളിച്ച എല്ലാ സ്പാനിഷ് ടീമുകളും വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ റയല്‍ ബെറ്റിസിന് സ്പാനിഷ് ക്ലബ്ബുകളുടെ ആ റെക്കോഡ് നിലനിര്‍ത്താന്‍ സാധിക്കാതെ പോയി.