തോറ്റവരുടെ അങ്കത്തിൽ രണ്ടടിച്ച് എംബാപ്പെയുടെ സംഘം; മൂന്നാമനായി ഫ്രാൻസ്
Sports News
തോറ്റവരുടെ അങ്കത്തിൽ രണ്ടടിച്ച് എംബാപ്പെയുടെ സംഘം; മൂന്നാമനായി ഫ്രാൻസ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th June 2025, 11:31 pm

യുവേഫ നേഷൻസ് ലീ​ഗ് ഫുട്ബോളിന്റെ ലൂസേഴ്‌സ് ഫൈനലിൽ ജർമനിയെ തോൽപ്പിച്ച് ഫ്രാൻസ്. എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചാണ് ഫ്രാൻസ് നേഷൻസ് ലീഗിലെ മൂന്നാം സ്ഥാനക്കാരായത്. മത്സരത്തിൽ സൂപ്പർതാരം കിലിയൻ എംബാപ്പെ, മൈക്കിൾ ഒലിസെ എന്നിവരാണ് ഫ്രഞ്ച് പടയുടെ ഗോളുകൾ കണ്ടെത്തിയത്.

ലൂസേഴ്‌സ് ഫൈനലിൽ ആക്രമണത്തിന് തുടക്കമിട്ടത് ജർമനിയായിരുന്നു. പതിയെയാണ് ഫ്രാൻസ് മത്സരത്തിൽ താളം കണ്ടെത്തിയത്. ആദ്യ പകുതിയിൽ ഫ്രാൻസിന്റെ പോസ്റ്റ് ലക്ഷ്യമാക്കി ജർമൻ സംഘം മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഫ്രാൻസ് പ്രതിരോധം അതിനെല്ലാം തടയിട്ടു.

 

മറുവശത്ത് ഫ്രാൻസും ഒരു ഗോളിനായി കിണഞ്ഞു പരിശ്രമിച്ചു. ജർമൻ ​ഗോൾ കീപ്പർ മാര്‍ക്ക് ആന്ദ്രെ ടെര്‍ സ്റ്റേഗന്‍റെ തകർപ്പൻ സേവുകളും ഗോൾ പോസ്റ്റിന് മുന്നിലെ പ്രകടനങ്ങളുമാണ് ഫ്രാൻസിന്റെ വഴി മുടക്കിയത്.

ആദ്യ ഹാഫ് സമനിലയിൽ അവസാനിക്കുമെന്ന് ഏറെ കുറെ ഉറപ്പിച്ചിരിക്കുമ്പോളാണ് കിലിയൻ എംബാപ്പെയുടെ പന്ത് ജർമൻ വല തുളച്ച് ഫ്രാൻസിനെ മത്സരത്തിൽ മുന്നിലെത്തിച്ചത്. ഗോൾ നേട്ടത്തോടെ ഫ്രാൻസിനായി 50-ാം ​ഗോൾ പൂർത്തിയാക്കാൻ എംബാപ്പെയ്ക്കായി.

മത്സരത്തിൽ രണ്ടാം പകുതിയിൽ ജർമനി ഗോൾ തിരിച്ചടിക്കാനും സമനില പിടിക്കാനും കളം നിറഞ്ഞ് കളിച്ചെങ്കിലും ഫ്രാൻസിന്റെ വല കുലുക്കാനായില്ല. സെക്കന്റ് ഹാഫിൽ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി ആരാധകർക്ക് വിരുന്നൊരുക്കി.

84-ാം മിനിറ്റിൽ ജർമൻ വല കാത്ത ടെര്‍ സ്റ്റേഗന്‍റെ പ്രതിരോധം മറികടന്ന് മൈക്കിൾ ഒലിസെ ഫ്രാൻസിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. എംബാപ്പെ നൽകിയ പന്ത് താരം ജർമൻ ആരാധകരുടെ നെഞ്ച് തകർത്ത് വലയിൽ എത്തിക്കുകയായിരുന്നു.

Content Highlight: UEFA Nations League: France won against Germany in Losers Final