സ്പാനിഷ് അതികായകരായ ബാഴ്സലോണയ്ക്ക് വമ്പന്‍ തിരിച്ചടി. സൂപ്പര്‍ താരങ്ങളായ ലാമിന്‍ യമാലിനും റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കും പിഴയും ടീം മാനേജര്‍ ഹാന്‍സി ഫ്‌ളിക്കിന് ഒരു മത്സരത്തില്‍ നിന്ന് വിലക്കും പ്രഖ്യാപിച്ച് യുവേഫ. കഴിഞ്ഞ സീസണ്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഇന്റര്‍ മിലാനുമായി നടന്ന മത്സരത്തിലെ സംഭവ വികാസങ്ങളിലാണ് നടപടി.
ഇറ്റലിയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തിന് ശേഷം ഉത്തേജക വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് യമാലിനും റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കും യുവേഫ 5,000 യൂറോ വീതം പിഴ ചുമത്തിയത്. ഇരുവരും ഡോപ്പിങ് കണ്‍ട്രോള്‍ ഓഫീസറുടെ ആര്‍ട്ടിക്കിള്‍ 21.8, ആര്‍ട്ടിക്കിള്‍ 21.10(എ), എന്നിവ ലംഘിച്ചുവെന്ന് ഭരണസമിതി വിധിച്ചു.

അതേസമയം, ബാഴ്സലോണ മാനേജര്‍ ഹാന്‍സി ഫ്‌ളിക്കിന് 20,000 യൂറോ പിഴയും ഒരു മത്സരത്തില്‍ നിന്ന് സസ്പെന്‍ഷനുമാണ് യുവേഫ വിധിച്ചത്. ഇന്റര്‍ മിലനുമായി നടന്ന മത്സരത്തിന് ശേഷമുള്ള മോശം പെരുമാറ്റത്തിനാണ് അദ്ദേഹത്തിനെതിരെ നടപടി.



