ഉര്‍ദു സാഹിത്യകാരി സുലേഖ ഹുസൈന്‍ അന്തരിച്ചു
Daily News
ഉര്‍ദു സാഹിത്യകാരി സുലേഖ ഹുസൈന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th July 2014, 9:56 am

[] കൊച്ചി: പ്രശസ്ത ഉറുദു സാഹിത്യകാരിയും മലയാളിയുമായ സുലേഖ ഹുസൈന്‍ (85)അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടിനു കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. സംസ്‌കാരം കൊച്ചി സെന്‍ട്രല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടത്തി.

1930 ജനുവരി ഒന്നിന് ഹാജി അഹമ്മദ് സേട്ടിന്റെയും മറിയംബായിയുടെയും മകളായി മട്ടാഞ്ചേരിയിലെ കച്ചി മേമന്‍ കുടുംബത്തിലായിരുന്നു സുലേഖയുടെ ജനനം. വളരെ ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ച സുലേഖയെ വളര്‍ത്തിയത് മുത്തച്ഛന്‍ ജാനി സേട്ടായിരുന്നു.  ഉര്‍ദു കവിയായ ഇദ്ദേഹമായിരുന്നു സുലൈഖയില്‍ വായനാശീലം പ്രോത്സാഹിപ്പിച്ച് സാഹിത്യവാസന ഉണര്‍ത്തിയത്.

15ാം വയസ്സില്‍ വിവാഹിതയായ സുലേഖക്ക് എല്ലാ പ്രോത്സാഹനവും നല്‍കി ഭര്‍ത്താവ് ഹുസൈന്‍ സേട്ട്  കൂടെയുണ്ടായിരുന്നു. 20ാം വയസ്സില്‍ പ്രസിദ്ധീകരിച്ച ആദ്യ ഉര്‍ദു നോവല്‍ “മേരെ സനം” ഹിന്ദിയില്‍ സിനിമയായും മറ്റ് രണ്ട് നോവലുകള്‍ സീരിയലായും വന്നിട്ടുണ്ട്. മശ്രിഖ്, ശമാ തുടങ്ങിയ ഉര്‍ദു മാസികകളില്‍ ആദ്യകാലങ്ങളില്‍ എഴുതിയിരുന്നു.

35 നോവലുകളും 108 ചെറുകഥകളും രചിച്ചിട്ടുള്ള സുലേഖയുടെ പ്രധാന നോവലുകള്‍ മേരേ സനം, ആപ്പാ, സബാ, പഥര്‍ കീ ലക്കീര്‍, യാദോം കീ സീതം, ദുഷ്‌വാര്‍ ഹുവാ ജീന എന്നിവയാണ്. 1970ല്‍ രചിച്ച ഏറെ ശ്രദ്ധേയമായ താരീഖിയോം കേ ബാദ് പ്രശസ്ത പരിഭാഷകന്‍ രവിവര്‍മ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിരുന്നു. 1981ല്‍ ഇരുട്ടിനുശേഷം എന്ന പേരില്‍ വിദ്യാര്‍ഥിമിത്രം നോവല്‍ പ്രസിദ്ധീകരിച്ചു.

കേരള ഉര്‍ദു ടീച്ചേര്‍സ് അസോസിയേഷന്‍ 2014 ഫെബ്രുവരി 20ന് സുലേഖ ഹുസൈനെ വീട്ടില്‍ എത്തി ആദരിച്ചിരുന്നു. കേന്ദ്ര ഉര്‍ദു ഫെല്ലോഷിപ് കമ്മിറ്റി അംഗമായിരുന്നു സുലേഖ.