പാർട്ടിയിൽ ഇങ്ങനെയൊരാൾ വേണ്ട; രാഹുലിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫിലെ വനിതാ നേതാക്കൾ
Kerala
പാർട്ടിയിൽ ഇങ്ങനെയൊരാൾ വേണ്ട; രാഹുലിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫിലെ വനിതാ നേതാക്കൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th August 2025, 3:26 pm

കോഴിക്കോട്: തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിലെ വനിതാ നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, അഡ്വ. ബിന്ദു കൃഷ്ണ, ദീപ്തി മേരി വര്‍ഗീസ്, എം.എല്‍.എ ഉമാ തോമസ്, ആര്‍.എം.പി നേതാവ് കെ.കെ. രമ എന്നിവരാണ് രാഹുലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ ആരോപണങ്ങള്‍ വിവാദമായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് എം.എല്‍.എ സ്ഥാനവും രാജിവെച്ച് രാഹുല്‍ അന്വേഷണം നേരിടണം എന്നതുള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ യു.ഡി.എഫിനുള്ളില്‍ ശക്തമാകുന്നത്.

രാഹുലിനെതിരെ വൈകാതെ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ് ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊതുപ്രവര്‍ത്തന മേഖലയിലുള്ള ഒരാളെ സംബന്ധിച്ച് വരാന്‍ പാടില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗീകരിക്കുന്നതല്ല. സ്ത്രീപക്ഷ നിലപാടും മാനവിക നിലപാടും എടുത്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനം എടുക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. നിയമവും പരാതിയുമല്ല ഇവിടുത്തെ വിഷയം, ധാര്‍മികത തന്നെയാണ് പ്രശ്‌നം. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് എടുക്കുന്ന പോലെ ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. രാഹുല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി.

രാഹുല്‍ രാജിവെച്ച് മാറിനില്‍ക്കണമെന്നാണ് ഉമാ തോമസ് എം.എല്‍.എയും മാധ്യമങ്ങളോട് പ്രതികരിച്ചത്. പദവികള്‍ ജനങ്ങള്‍ തെരഞ്ഞെടുത്തതുകൊണ്ടാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഉപരി മനുഷ്യന്‍ എന്ന ഒരു യാഥാര്‍ഥ്യമുണ്ട്. ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം, ബഹുമാനിക്കണം എന്നതെല്ലാം അറിഞ്ഞിരിക്കണമെന്നും ഉമാ തോമസ് പറഞ്ഞു.

പാർട്ടിയിൽ ഇങ്ങനെയൊരാൾ വേണ്ടെന്നും രാഹുല്‍ ഇതുവരെ ഒരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാത്തതുകൊണ്ട് തന്നെ ആരോപണങ്ങളെല്ലാം ശരിയാണെന്ന് അനുമാനിക്കേണ്ടി വരുമെന്നും ഉമാ തോമസ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നത് അന്വേഷണത്തില്‍ തെളിയട്ടെയെന്ന് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. ഇതൊക്കെ തെളിയിക്കപ്പെടണം. രാഹുലിന്റെ രാജി കോണ്‍ഗ്രസിന്റെ മേലുള്ള കളങ്കമല്ല, ആര് എന്ത് തെറ്റ് ചെയ്താലും അതിന്റെ ഉത്തരവാദിത്തം അതത് വ്യക്തികള്‍ക്കാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

മുകേഷ് എം.എല്‍.എക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മാറി നില്‍ക്കണമെന്ന് പറഞ്ഞവരാണ് തങ്ങള്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റ കാര്യത്തിലും അതുതന്നെയാണ് തങ്ങളുടെ നിലപാടെന്ന് എം.എല്‍.എ കെ.കെ. രമ പറഞ്ഞു. ഇത്തരം വ്യക്തികള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അര്‍ഹരല്ല. ഷാഫി പറമ്പില്‍ രാഹുലിനെ പിന്തുണക്കുന്നുവെന്ന് കരുതുന്നില്ലെന്നും കെ.കെ. രമ പ്രതികരിച്ചു.

നിലവില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല, വി.എസ്. സുധീരന്‍ അടക്കമുള്ള യു.ഡി.എഫ് നേതാക്കളും രാഹുലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്.

Content Highlight: We don’t want such a person in the party; UDF women leaders demand Rahul Mamkootathil’s resignation