പത്തനംതിട്ട: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇടത് കോട്ടകളെല്ലാം കീഴടക്കിയാണ് യു.ഡി.എഫിന്റെ മുന്നേറ്റം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ സമ്പൂര്‍ണമായി പിന്തുണച്ച പത്തനംതിട്ട ഇത്തവണ ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പമാണ്. 30 വര്‍ഷമായി ഇടതുപക്ഷത്തിന്റെ കൂടെ നിന്നിരുന്ന റാന്നിയടക്കം പത്തനംതിട്ടയിലെ നാല് മണ്ഡലങ്ങളും യു.ഡി.എഫിനെ പിന്തുണച്ചു.
തിരുവല്ലയില്‍ 2006 മുതല്‍ എല്‍.ഡി.എഫിനുള്ള കുത്തകയവസാനിപ്പിച്ചാണ് യു.ഡി.എഫ് ഒരു എം.എല്‍.എയെ വിജയിപ്പിച്ചത്. കേരള കോണ്‍ഗ്രസിന്റെ അഡ്വ. വര്‍ഗീസ് മാമ്മനാണ് പുതിയ എം.എല്‍.എ. 10146 ലീഡും 53224 വോട്ടും സമാഹരിച്ചാണ് വര്‍ഗീസ് മാമ്മന്‍ മണ്ഡലത്തിലെ 16ാം എം.എല്‍.എ ആയത്.
വര്‍ഷങ്ങളോളം മണ്ഡലത്തില്‍ ആധിപത്യമുണ്ടായിരുന്ന ജെ.ഡി.എസ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ജെ.ഡി.എസ് നേതാവ് അഡ്വ. മാത്യു ടി. തോമസിന് 42023 വോട്ടുകള്‍ മാത്രമാണ് സമാഹരിക്കാന്‍ സാധിച്ചത്. 2021ല്‍ 62000 പരം വോട്ടുകള്‍ മാത്യു തോമസ് നേടിയിരുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വെക്കണം. 43078 വോട്ടുകള്‍ നേടിയ ബി.ജെ.പിയുടെ അനൂപ് ആന്റണിയാണ് രണ്ടാം സ്ഥാനത്ത്.
1996 മുതല്‍ ഇടതുപക്ഷം കയ്യടക്കി വെച്ചിരുന്ന മണ്ഡലമാണ് റാന്നി. 2016 വരെ സി.പി.ഐ.എമ്മിന്റെ കോട്ട കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസ് എം. ഏറ്റെടുത്തത്. ആ മണ്ഡലവും യു.ഡി.എഫ് ഇപ്പോള്‍ പിടിച്ചടക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ അഡ്വ. പഴകുളം മധു 54652 വോട്ടുകള്‍ ശേഖരിച്ചാണ് വിജയിച്ചത്.
സിറ്റിങ് എം.എല്‍.എ ആയ അഡ്വ. പ്രമോദ് നാരായണനെ 4344 വോട്ടിന്റെ ലീഡുമായാണ് അഡ്വ. പഴകുളം മധു പരാജയപ്പെടുത്തിയത്. 2021ല്‍ സിറ്റിങ് എം.എല്‍.എ 52669 വോട്ടുകള്‍ സമാഹരിച്ചായിരുന്നു നിയമസഭയിലേക്ക് എത്തിയത്. ഇത്തവണ അതിലേറെ വോട്ടുകള്‍ തങ്ങളുടെ പാളയത്തില്‍ എത്തിച്ചാണ് യു.ഡി.എഫിന്റെ വിജയം.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ തോല്‍പ്പിച്ചാണ് യുവനേതാവ് അബിന്‍ വര്‍ക്കി ആറന്മുള യു.ഡി.എഫിന് സമ്മാനിച്ചത്. 70083 വോട്ടുകളാണ് അബിന്‍ സമാഹരിച്ചത്. 18985 ലീഡുമായി വീണ ജോര്‍ജിനെ അബിന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.
2016ലും 2021ലും വീണയെ പിന്തുണച്ച ആറന്മുള ഇത്തവണ യു.ഡി.എഫിനൊപ്പം നിന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 74950 വോട്ടുകള്‍ നേടിയ വീണയ്ക്ക് ഇത്തവണ 50000+ വോട്ടുകള്‍ മാത്രമാണ് ശേഖരിക്കാന്‍ സാധിച്ചത്.
കഴിഞ്ഞ 15 വര്‍ഷമായി ഇടതുപക്ഷത്തെ പിന്തുണച്ച അടൂരും ഇത്തവണ യു.ഡി.എഫ് തരംഗത്തില്‍ ‘കൈ’ പിടിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഡ്വ. സന്തോഷ് ശാന്തകുമാര്‍ ഈ കുത്തക അവസാനിപ്പിച്ചത്. 66153 വോട്ടുകള്‍ നേടി ശാന്തകുമാര്‍ വിജയിച്ചതോടെ യു.ഡി.എഫിന് 2006ന് ശേഷം ഒരു എം.എല്‍.എ മണ്ഡലത്തില്‍ പിറവിയെടുത്തു.
സി.പി.ഐ യുടെ പ്രിജി കണ്ണനെ 10332 വോട്ടുകള്‍ പിന്തള്ളിയാണ് ശാന്തകുമാര്‍ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ മൂന്ന് തവണ എം.എല്‍.എ ആയ ചിറ്റയം ഗോപകുമാറിനെ മാറ്റിയാണ് പ്രിജിയെ സി.പി.ഐ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍, യു.ഡി.എഫ് തരംഗത്തില്‍ ഇടതുപക്ഷത്തിന് മറ്റൊരു കോട്ട കൂടി കൈവിടേണ്ടി വരികയായിരുന്നു.