പാലക്കാട്: കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായപ്പോഴെല്ലാം യു.ഡി.എഫാണ് അധികാരത്തില്‍ ഇരുന്നതെന്ന് മന്ത്രി എം.ബി രാജേഷ്. പാലക്കാട് 13 വയസുകാരി സിറാജുന്നീസ വെടിയേറ്റു മരിച്ചതും മാറാട് ഒന്നും രണ്ടും കലാപങ്ങള്‍ നടന്നതും യു.ഡി.എഫ് ഭരണകാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്ത് മാറ്റിനിര്‍ത്തിയാല്‍ 14 മാസത്തെ ഇടവേളയില്‍ രണ്ട് വലിയ കലാപങ്ങള്‍ നടന്ന ചരിത്രം ഇന്ത്യയില്‍ മറ്റൊരിടത്തും ഉണ്ടാകില്ലെന്നും ഈ വസ്തുതകള്‍ പറയുമ്പോള്‍ കോണ്‍ഗ്രസ് പ്രകോപിതരായിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ ഒരു വര്‍ഗീയ ശക്തിക്കും കേരളത്തില്‍ തലപൊക്കാന്‍ സാധിച്ചിട്ടില്ലെന്നും രാജേഷ് അവകാശപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്ന ഈ പത്ത് വര്‍ഷത്തിനിടയിലും കേരളം സമാധാനപരമായിരുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍പ് യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തര നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഔദ്യോഗിക രേഖയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ നിലവിലെ സംഭവ വികാസങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. നേരത്തെ പാരഡി പാടി നടന്നിരുന്ന ആവേശം ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളില്‍ കാണുന്നില്ലെന്നും അന്വേഷണങ്ങളുടെ കാര്യത്തില്‍ അവര്‍ വലിയ പരിഭ്രാന്തിയിലാണെന്നും എം.ബി. രാജേഷ് പരിഹസിച്ചു.
ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും നിരീക്ഷണത്തിലും ശരിയായ ദിശയില്‍ നടക്കുന്ന അന്വേഷണത്തെ വഴിതെറ്റിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഹൈക്കോടതി തന്നെ കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന് മുകളില്‍ പ്രതിപക്ഷ നേതാവിന്റെ നിരീക്ഷണം വേണമെന്നാണോ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന് എതിരെ പ്രതിപക്ഷ നേതാവ് ചാടിവീണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ആരെ രക്ഷിക്കാനാണെന്നും അന്വേഷണത്തില്‍ കോണ്‍ഗ്രസ് എന്തിനാണ് ഇത്രയധികം ബേജാറാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
കമ്മ്യൂണിസ്റ്റ് വിരുദ്ധതയില്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി സിദ്ധരാമയ്യയും സംഘപരിവാര്‍ മാതൃകയിലുള്ള വിദ്വേഷ പ്രചരണമാണ് നടത്തുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.
Content Highlight: UDF was in power when communal clashes took place in Kerala: MB Rajesh