ഇടുക്കിയും ഉടുമ്പന്‍ചോലയുമടക്കമുള്ള ഇടത് കോട്ടകളും കീഴടക്കി; ഇടുക്കി തൂത്തുവാരി യു.ഡി.എഫ്
Kerala
ഇടുക്കിയും ഉടുമ്പന്‍ചോലയുമടക്കമുള്ള ഇടത് കോട്ടകളും കീഴടക്കി; ഇടുക്കി തൂത്തുവാരി യു.ഡി.എഫ്
ഫസീഹ പി.സി.
Monday, 4th May 2026, 4:30 pm

ഇടുക്കി: 2026 കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി തൂത്തുവാരി ഐക്യ ജനാധിപത്യ മുന്നണി(യു.ഡി.എഫ്). 25 വര്‍ഷത്തോളമായി എല്‍.ഡി.എഫിന്റെ കുത്തകയായിരുന്ന ഉടുമ്പന്‍ചോലയും മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയുമെല്ലാം പിടിച്ചടിക്കിയാണ് യു.ഡി.എഫിന്റെ മുന്നേറ്റം.

2021 തെരഞ്ഞെടുപ്പില്‍ തൊടുപുഴ മാത്രം വിജയിക്കാന്‍ സാധിച്ച യു.ഡി.എഫ് ഇത്തവണ മുഴുവന്‍ സീറ്റും കൈയ്യടക്കിയാണ് കരുത്ത് തെളിയിച്ചിരിക്കുന്നത്. ഏറെ കാലം ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിന്ന ഒരു മണ്ഡലത്തില്‍ പോലും എല്‍.ഡി. എഫിന് മുന്നേറ്റമുണ്ടാക്കാനായില്ല.

ഇടുക്കിയില്‍ ഇടതുപക്ഷത്തിന് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചിരിക്കുന്ന ഒരു മണ്ഡലം ഇടുക്കി തന്നെയാണ്. 2001 മുതല്‍ മന്ത്രി റോഷി അഗസ്റ്റിനെ പിന്തുണച്ച മണ്ഡലം ഇത്തവണ അദ്ദേഹത്തെ കൈവിട്ടു. കഴിഞ്ഞ 25 വര്‍ഷം കൂടെ നിന്ന ജനങ്ങള്‍ ഒരിക്കല്‍ കൂടി കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വലിയ തോല്‍വിയാണ് എല്‍.ഡി.എഫ് വഴങ്ങിയത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ റോയ് കെ. പൗലോസിനെയാണ് ഇത്തവണ ഇടുക്കി നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്. റോഷി അഗസ്റ്റിനെ 23822 വോട്ടുകള്‍ക്ക് പിന്തള്ളിയാണ് യു.ഡി.എഫിന്റെ വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 60000ത്തില്‍ പരം വോട്ട് നേടിയാണ് റോഷി വിജയച്ചിരുന്നെങ്കില്‍ ഇത്തവണ 46740 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ഉടുമ്പന്‍ചോലയാണ് ഇടുക്കിയില്‍ യു.ഡി.എഫിന് മറ്റൊരു തിളക്കമേറിയ വിജയം സമ്മാനിച്ചത്. സംസ്ഥാനത്തൊന്നാകെയുള്ള തരംഗത്തില്‍ 2001 മുതല്‍ എല്‍.ഡി.എഫിന് പൂര്‍ണ പിന്തുണ നല്‍കിയ മണ്ഡലവും യു.ഡി.എഫിനൊപ്പം നിന്നു. മൂന്ന് തവണ കെ.കെ. ജയചന്ദ്രനും അവസാന രണ്ട് തെരഞ്ഞെടുപ്പില്‍ എം.എം. മണിയും എം.എല്‍.എ ആയി.

ഇത്തവണ മണിയെ മാറ്റി എല്‍.ഡി.എഫ് വീണ്ടും ജയചന്ദ്രനെ പരീക്ഷിച്ചെങ്കിലും തോല്‍വി വഴങ്ങേണ്ടി വന്നു. അഡ്വ. സേനാപതി വേണുവിനെയാണ് ഇത്തവണ ഉടുമ്പന്‍ചോല വിജയിപ്പിച്ചത്. 20021 ഭൂരിപക്ഷത്തിന് വിജയിച്ചെങ്കിലും കഴിഞ്ഞ തവണ മണി നേടിയ 77381 വോട്ട് നേടാന്‍ സേനാപതിക്ക് സാധിച്ചില്ല.

പീരുമേടിലും യു.ഡി.എഫ് വലിയ ആധിപത്യം പുലര്‍ത്തിയാണ് വിജയിച്ചത്. 69672 വോട്ടും 27634 ലീഡും സ്വന്തമാക്കിയാണ് അഡ്വ. സിറിയക് തോമസിന്റെ വിജയം. സി.പി.എമ്മിന്റെ കെ. സലിംകുമാറിനെ പിന്തള്ളിയാണ് യു.ഡി.എഫിന്റെ മുന്നേറ്റം.

2021 തെരഞ്ഞെടുപ്പില്‍ വാഴൂര്‍ സോമന്‍ 60141 വോട്ടുകള്‍ നേടിയാണ് എം.എല്‍.എ ആയത്. അതിലേറെ വോട്ടുകള്‍ പിടിച്ചെടുത്താണ് യു.ഡി.എഫ് 2001ന് ശേഷം മണ്ഡലത്തില്‍ നിന്ന് ഒരു എം.എല്‍.എയെ നിയമസഭയിലേക്ക് അയക്കുന്നത്.

2006 മുതല്‍ തങ്ങളുടെ കൈയിലുള്ള തൊടുപുഴയില്‍ നില മെച്ചപ്പെടുത്തിയാണ് യു.ഡി.എഫ് ഇത്തവണ വിജയം സ്വന്തമാക്കിയത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അധ്യക്ഷന്‍ പി.ജെ. ജോസഫിന്റെ മകനായ അപു ജോണ്‍ ജോസഫാണ് മണ്ഡലത്തിലെ പുതിയ എം.എല്‍.എ. 84796 വോട്ടുകള്‍ നേടിയാണ് അപു ജോസഫിന്റെ വിജയം. കേരള കോണ്‍ഗ്രസ് എമ്മിന്റെ സിറിയാക് ചാഴിക്കാടനെ 44291 വോട്ടുകള്‍ക്ക് പിന്തള്ളിയാണ് ഈ വിജയം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 67495 വോട്ടുകളാണ് പി.ജെ. ജോസഫ് സ്വന്തമാക്കിയിരുന്നത്. ഈ നില മെച്ചപ്പെടുത്തിയാണ് മകന്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തിയത്.

എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ടായിരുന്ന ദേവികുളത്തും യു.ഡി.ഫിന് തന്നെയാണ് ലീഡ്. കോണ്‍ഗ്രസിന്റെ എഫ്. രാജ 5233 ലീഡോടെയാണ് ലീഡ് ചെയ്യുന്നത്. 45357 വോട്ടുനേടിയ സി.പി.ഐ.എമ്മിന്റെ നിലവിലെ എം.എല്‍.എ അഡ്വ. എ. രാജയാണ് രണ്ടാമതുള്ളത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എ. രാജ 59049 വോട്ടുനേടിയാണ് വിജയിച്ചിരുന്നത്. എന്നാല്‍, ഇത്തവണ എഫ്. രാജ 50000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ ശേഖരിച്ചാണ് യു.ഡി.എഫിനെ വിജയത്തിലേക്ക് നയിക്കുന്നത്.

Content Highlight: UDF swept Idukki including LDF strongholds in Kerala Assembly Election 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി