തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റത്തിന് കാരണം ടീം യു.ഡി.എഫാണെന്നും പ്രതിപക്ഷം മുന്നോട്ട് വെച്ച അജണ്ടയാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ചയായതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
കെ.പി.സി.സി പാർട്ടിയെ കൃത്യമായി സംഘാടനം ചെയ്‌തെന്നും എ.ഐ.സി.സി തങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയെന്നും വി.ഡി സതീശൻ പറഞ്ഞു.
അടുത്ത മഹായുദ്ധത്തിന് ജനം നല്‍കിയ ഇന്ധനമാണിതെന്നും യു.ഡി.എഫിന്റേത് അതിശക്തമായ തിരിച്ചുവരവാണെന്നും ഈ തെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫ് അജണ്ടയുടെ എല്ലാ ഗുണവും ബി.ജെ.പിക്ക് കിട്ടിയിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഗവൺമെന്റിനെതിരെ കുറ്റപത്രം സമർപ്പിക്കുകയും തങ്ങൾക്ക് അധികാരം തന്നാൽ എന്തുചെയ്യുമെന്നുള്ള കൃത്യമായ നിലപാട് സ്വീകരിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞങ്ങളുടെ കുറ്റപത്രവും ഞങ്ങൾ മുന്നോട്ടുവെച്ച മാനിഫെസ്റ്റോയും കൃത്യമായി ജനങ്ങൾ ചർച്ച ചെയ്യുന്നുണ്ടായിരുന്നു. അതിനെക്കുറിച്ചുള്ള ബോധ്യവും ഫീഡ്ബാക്കും ഞങ്ങൾക്കുണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.
‘ഇന്നത്തെ യു.ഡി.എഫ് കുറെ രാഷ്ട്രീയ പാർട്ടികളുടെ കോൺഫെഡറേഷൻ മാത്രമല്ല ഒരുപാട് സാമൂഹിക ഘടകങ്ങൾ കൂടി ഉൾപ്പെടുന്ന ഒരു വലിയ പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണ്. ഇതായിരുന്നു ഞങ്ങൾ വിജയിക്കുമെന്നതിന്റെ അവകാശവാദം. അത് ശരിവെക്കുന്നു,’ അദ്ദേഹം വ്യക്തമാക്കി.
Content Highlight: UDF’s comeback is very strong: VD Satheesan