തിരുവനന്തപുരം: വിവാദ വിഷയങ്ങള്‍ ചര്‍ച്ചക്കായി യു.ഡി.എഫിന്റെ ഒരു സുപ്രധാന യോഗം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് നടക്കും. ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള വിജിലന്‍സ് കേസും പോതുമരാമത്ത് വകുപ്പിനെതിരെ എം.എല്‍.എ കെ.ബി. ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങളുമടക്കം നിരവധി വിഷയങ്ങളാണ് ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാവുക.
അതേസമയം കെ.ബി ഗണേഷ് കുമാറിന് പിന്തുണയുമായി കേരളാ കോണ്‍ഗ്രസ്(ബി) രംഗത്തെത്തി. ഗണേഷ് കുമാറിനെതിരായി നടപടിയെടുക്കുവാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി അതിനെ ശക്തമായി എതിര്‍ക്കും. എന്നാല്‍ ഗണേഷിനെതിരെ നടപടിയെടുക്കാന്‍ മുസ്ലീം ലീഗ് ആവശ്യപ്പെടില്ല.
മദ്യനയവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും യോഗത്തിലെ മറ്റൊരു സുപ്രധാന വിഷയം. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നിലപാടിന് വിപരീതമായി നയത്തില്‍ പ്രായോഗികമായ മാറ്റങ്ങള്‍ വേണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവരുടെ ആവശ്യം യോഗത്തില്‍ ചര്‍ച്ചയാകും. കോണ്‍ഗ്രസ്സ് (ജേക്കബ്) വിഭാഗവും ആര്‍.എസ്.പി.യും മദ്യനയത്തിലെ മാറ്റങ്ങള്‍ വേണമെന്ന വാദത്തിന് പിന്തുണ നല്‍കുമ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനമെന്ന നിലപാടിനെ പിന്തുണക്കുകയാണ് മുസ്ലീം ലീഗും, സോഷ്യലിസ്റ്റ് ജനതയും.
അതേ സമയം ബാര്‍കോഴ വിഷയത്തില്‍ മന്ത്രി മാണിക്കെതിരെ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് നിര്‍ത്തി വെച്ചു.
