എഡിറ്റര്‍
എഡിറ്റര്‍
ലീഗിന്റെ അഞ്ചാം മന്ത്രി ഹൈക്കമാന്റിന്,അനൂപും ഗണേഷും ഉമ്മന്‍ചാണ്ടിക്ക്
എഡിറ്റര്‍
Wednesday 28th March 2012 6:30pm

തിരുവനന്തപുരം: ലീഗിന്റെ അഞ്ചാം മന്ത്രി, ഗണേഷിനെ മാറ്റണമെന്ന പിള്ളയുടെ ആവശ്യം, അനൂപിന്റെ സത്യപ്രതിജ്ഞ, കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും യു.ഡി.എഫ് യോഗത്തില്‍ അന്തിമ തീരുമാനമായില്ല. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത കാര്യവും തീരുമാനമാകാത്ത കാര്യവും പരസ്യമായി പറയുകയും ചെയ്തു.

യു.ഡി.എഫിന്റെ ഐക്യത്തിനായി തങ്ങള്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും എന്നാല്‍ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിച്ചു. അഞ്ചാം മന്ത്രിയുടെ കാര്യം പാണക്കാട് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. അതിനാല്‍ ഇനി പിന്നോട്ട് പോവാന്‍ കഴിയില്ല. ഇക്കാര്യം പാര്‍ട്ടി അണികളെപ്പോലും ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഗണേഷ്‌കുമാറിനെ പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി ആര്‍.ബാലകൃഷ്ണപ്പിള്ള യോഗത്തില്‍ അറിയിച്ചു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു തരുമാനം പാര്‍ട്ടിയെടുത്തതെന്ന് പിള്ള വ്യക്തമാക്കുകയും ചെയ്തു. പാര്‍ട്ടിയെ അംഗീകരിക്കാത്ത മന്ത്രിയെ തങ്ങള്‍ക്ക് വേണ്ടെന്ന് പിള്ള പറഞ്ഞതായി പി.പി തങ്കച്ചനും വ്യക്തമാക്കി. പാര്‍ട്ടിയില്‍ അച്ഛനും മകനുമില്ല. റിയല്‍ പൊളിറ്റിക്‌സ് ഇതാണ്. പിള്ളയുടെ വാദം പ്രഥമദൃഷ്ട്യാ മുഖവിലക്കെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്- തങ്കച്ചന്‍ വ്യക്തമാക്കി.

അഅനൂപിന്റെ സത്യപ്രതിജ്ഞ ഉടന്‍ വേണമെന്ന് ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെട്ടതായി പി.പി തങ്കച്ചന്‍ പറഞ്ഞു. അനൂപിന്റെ മന്ത്രിസ്ഥാനം ഉടന്‍ ഉണ്ടാവും. ഇതില്‍ ഗവര്‍ണ്ണറുടെ ഡേറ്റിന്റെ ചില പ്രശ്‌നങ്ങളുണ്ട്. ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തിന് അനൂപിന്റെ സ്ഥാനാരോഹണവുമായി ബന്ധമില്ല. അതേസമയം ഗവര്‍ണ്ണറുടെ ഡേറ്റ് ചോദിച്ചിരുന്നോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതൊരു ചോദ്യമാണെന്ന് ചിരിച്ചുകൊണ്ട് മറുപടി പറയുകയായിരുന്നു പി.പി തങ്കച്ചന്‍.

ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം പാര്‍ട്ടി ഹൈക്കമാന്റിന് വിട്ടിട്ടുണ്ട്. അനൂപ്-ഗണേഷ് വിഷയങ്ങളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു.

Advertisement