തിരുവനന്തപുരം: കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന പ്രധാന നിയമനങ്ങളില്‍ സംഘപരിവാര്‍ അനുകൂലികള്‍ ഇടംപിടിക്കുന്നതില്‍ കോണ്‍ഗ്രസ്-ലീഗ് നേതൃത്വങ്ങള്‍ പുലര്‍ത്തുന്ന മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്.
അധികാരത്തോടുള്ള അത്യാഗ്രഹത്തില്‍ നിന്നുണ്ടാകുന്ന അന്ധമായ ഇടതുപക്ഷ വിരോധമാണ് ഇതിന് പിന്നിലെന്നും, ആര്‍.എസ്.എസിന് വേണ്ടി യു.ഡി.എഫ് ഗവണ്‍മെന്റ് ചെയ്യുന്ന ഈ സേവനങ്ങള്‍ക്കെതിരെയുള്ള ഉന്നത നേതൃത്വത്തിന്റെ മൗനം ഭയാനകമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അണികളുടെ ഭാഗത്തുനിന്നുണ്ടായ ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ മാറ്റിനിര്‍ത്തിയാല്‍, ഈ പ്രീണന സമീപനത്തില്‍ ‘ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലേ’ എന്ന രീതിയില്‍ കൈകഴുകാനാണ് കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി.
കേരളം ഭരിക്കുന്നത് യു.ഡി.എഫ് ആണെങ്കില്‍, അതിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസും ലീഗും ആണെങ്കില്‍, ഈ നിയമനങ്ങള്‍ നേതാക്കള്‍ അറിയാതെ ആരാണ് നടത്തുന്നതെന്ന് വ്യക്തമാക്കാന്‍ കെ.പി.സി.സി – ലീഗ് നേതൃത്വങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ചുരുങ്ങിയ കാലയളവിനുള്ളില്‍ പത്തിലധികം പ്രധാന സ്ഥാനങ്ങളിലാണ് സംഘപരിവാറുകാര്‍ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. ഈ നിയമനങ്ങളിലെല്ലാം കോണ്‍ഗ്രസ്-ലീഗ് നേതൃത്വം ഒരക്ഷരം മിണ്ടിയിട്ടില്ല.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ നിയമന പട്ടികയില്‍ ഒരു മുന്‍ എസ്.എഫ്.ഐക്കാരന്‍ ഉള്‍പ്പെട്ടു എന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് മുതല്‍ കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍ വരെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. എന്നാല്‍, അതേ പട്ടികയില്‍ ഇന്നും ആര്‍.എസ്.എസില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മുന്‍ എ.ബി.വി.പി നേതാവിന്റെ പേര് ഉള്‍പ്പെട്ടതിനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റോ കോണ്‍ഗ്രസ് അണികളോ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് ശിവപ്രസാദ് ചൂണ്ടിക്കാട്ടി.
‘ഇന്ന് രാജ്യത്ത് കോണ്‍ഗ്രസ് എത്തിനില്‍ക്കുന്ന പ്രതിസന്ധിയുടെ കാരണമെന്ത് എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരമാണ് സംഘപരിവാരത്തോടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനം. ഇവിടെയും അത് തന്നെ ആവര്‍ത്തിക്കുന്നു.’ – ശിവപ്രസാദ് കുറിച്ചു.
യു.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കാന്‍ വിറകുവെട്ടിയതും വെള്ളംകോരിയതും സംഘപരിവാരം തന്നെയാണ്. വന്ന വഴി മുഖ്യമന്ത്രി വി. ഡി. സതീശന്‍ മറന്നിട്ടില്ലെന്നും, അതുകൊണ്ടുതന്നെ യഥാര്‍ത്ഥ അവകാശികളിലേക്കാണ് നിയമനങ്ങള്‍ എത്തുന്നതെന്ന് കെ.എസ്.യു പ്രസിഡന്റിന് സമാശ്വസിക്കാമെന്നും സമുദായത്തിന് വേണ്ടി മുടിനാരിഴ കീറാന്‍ പോയ കെ. എം. ഷാജിക്ക് മന്ത്രിസഭയിലിരുന്ന് ഇതിനൊക്കെ കൈപൊക്കാനാണല്ലോ വിധി എന്നും ശിവപ്രസാദ് പോസ്റ്റില്‍ പരിഹസിച്ചു.
അധികാരത്തോടുളള അത്യാഗ്രഹത്തില്‍ നിന്നും ഉണ്ടാവുന്ന അന്ധമായ ഇടതുപക്ഷ വിരോധത്തില്‍ ആര്‍.എസ്.സിന് വേണ്ടി യു.ഡി.എഫ് ഗവണ്‍മെന്റ് ചെയ്യുന്ന ഈ സേവനങ്ങള്‍ക്കും അവര്‍ക്ക് നല്‍കുന്ന നിയമനങ്ങള്‍ക്കും എതിരെ കോണ്‍ഗ്രസ് – ലീഗ് നേതൃത്വത്തിന്റെ മൗനം ഭയാനകമാണ്. അണികളില്‍ ചേര്‍ന്ന് നടത്തിയ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഈ ആര്‍.എസ്.എസ് പ്രീണന സമീപനത്തില്‍ ‘ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലേ’ എന്ന കൈകഴുകല്‍ സമീപനമാണ് കോണ്‍ഗ്രസ് ലീഗ് നേതൃത്വത്തില്‍ സ്വീകരിക്കുന്നത്.
കേരളം ഭരിക്കുന്നത് യു.ഡി.എഫ് ആണെങ്കില്‍ അതിനു നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസും ലീഗും ആണെങ്കില്‍ ഈ നിയമനങ്ങള്‍ പിന്നെ നിങ്ങളറിയാതെ ആരാണ് നടത്തുന്നത് കേരളത്തോട് വ്യക്തമാക്കാന്‍ കെ.പി.സി.സി-ലീഗ് നേതൃത്ത്വത്തിന് ഉത്തരവാദിത്തമുണ്ട്.
യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷമുള്ള ഈ ചുരുങ്ങിയ കാലയളവില്‍ പത്തിലധികം വരുന്ന പ്രധാന സ്ഥാനങ്ങളില്‍ നിയമനം ലഭിച്ച സംഘപരിവാറുകാരുടെ ലിസ്റ്റ് ഒന്ന് ശ്രദ്ധിച്ചാല്‍ എങ്ങോട്ടാണ് ഈ വണ്ടിയുടെ പോക്കെന്ന് വ്യക്തമാവും. ഈ നിയമനങ്ങളിലെല്ലാം തുടരുമ്പോഴും കോണ്‍ഗ്രസ് – ലീഗ് നേതൃത്വം ഒരക്ഷരം മിണ്ടിയിട്ടില്ല.
ഇന്നലെ പുറത്തുവന്ന ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ നിയമന പട്ടികയില്‍ ഏതോ ഒരു പഴയ എസ്.എഫ്.ഐ കാരനുണ്ട് എന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് മുതല്‍ കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍ വരെ സൃഷ്ടിച്ച കോളിളക്കം നാം കണ്ടതാണ്. എന്നാല്‍ അതേ പട്ടികയില്‍ ഇന്നും സജീവമായി ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്ന പഴയ എ.ബി.വി.പി നേതാവിന്റെ പേര് ഉള്‍പ്പെട്ടതില്‍ ഒരു പരാതിയും ഇതുവരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനോ കോണ്‍ഗ്രസ് അണികള്‍ക്കോ ഇല്ല.
ഇന്ന് രാജ്യത്ത് കോണ്‍ഗ്രസ് എത്തിനില്‍ക്കുന്ന പ്രതിസന്ധിയുടെ കാരണമെന്ത് എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരമാണ് സംഘപരിവാരത്തോടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനം എന്ന് കാണാന്‍ കഴിയും. ഇവിടെയും അത് തന്നെ ആവര്‍ത്തിക്കുന്നു.
സംഘപരിവാറുകാര്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്ന ഈ നിയമനങ്ങളില്‍ നിശബ്ദത പാലിക്കുന്ന കെ.എസ്.യു. സംസ്ഥാന പ്രസിഡന്റേ: യഥാര്‍ത്ഥത്തില്‍ യു.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കാന്‍ വിറക് വെട്ടിയതും വെള്ളം കോരിയതും സംഘപരിവാരം തന്നെയാണ്. വന്ന വഴി ശ്രീ. വി. ഡി. സതീശന്‍ മറന്നിട്ടില്ല. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ അവകാശികളിലേക്കാണ് നിയമനങ്ങള്‍ എത്തുന്നത് എന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് സമാശ്വസിക്കാം!
സമുദായത്തിന് വേണ്ടി മുടിനാരിഴ കീറാന്‍ പോയ കെ. എം. ഷാജിക്ക് ഇതിനൊക്കെ മന്ത്രിസഭയില്‍ കൈപൊക്കാന്‍ ആണല്ലൊ വിധി!
Content Highlight: UDF government is appeasing the RSS; silence of Congress-League leadership is alarming, says SFI.