മേയര്‍ക്കെതിരെ നഗരസഭയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ 'ശുദ്ധികലശം'
Kerala News
മേയര്‍ക്കെതിരെ നഗരസഭയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ 'ശുദ്ധികലശം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st November 2022, 12:40 pm

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തിരുവനന്തപുരം നഗരസഭയില്‍ ശുദ്ധികലശം നടത്തി. നഗരസഭയിലെ മുഴുവന്‍ നിയമനങ്ങളുടേയും അധികാരം ജില്ലാ സെക്രട്ടിക്ക് മേയര്‍ കൈമാറിയെന്ന് ആരോപിച്ചാണ് യു.ഡി.എഫ് പ്രതിഷേധം നടന്നത്. തിരുവനന്തപുരം നഗരസഭയില്‍ അഴിമതി നടക്കുകയാണെന്നും യു.ഡി.എഫ് ആരോപിച്ചു.

തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തില്‍ പ്രതിപക്ഷം തിങ്കളാഴ്ച മുതല്‍ സമരം കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ശുദ്ധികലശം നടത്തിയത്.

നിയമന കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ച പ്രത്യേക കൗണ്‍സില്‍ യോഗം പരാജയപ്പെട്ടതോടെ സമരം വീണ്ടും ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബി.ജെ.പിയും യു.ഡി.എഫും.

മേയര്‍ ആര്യ രാജേന്ദ്രന്‍ രാജി വെക്കുന്നത് വരെ സമരമെന്നാണ് ഇരു വിഭാഗവും പറയുന്നത്. എന്നാല്‍ മേയര്‍ രാജിവെക്കുന്ന പ്രശ്‌നമേയില്ലെന്ന നിലപാടിലാണ് സി.പി.ഐ.എമ്മും ഇടതുപക്ഷവും. നാളെ ചേരുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.

കഴിഞ്ഞ ദിവസം മേയര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യപ്രകാരം പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചിരുന്നു. മേയര്‍ അധ്യക്ഷത വഹിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളി മേയര്‍ തന്നെ അധ്യക്ഷത വഹിക്കുകയാണുണ്ടായത്.

ഇതോടെ പ്രത്യേക കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. മേയര്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയിരുന്നു. മേയര്‍ വന്നതോടെ കരിങ്കൊടിയും ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. ഗോബാക് വിളിച്ചും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.

അതേസമയം, നിയമന ശിപാര്‍ശ കത്ത് പുറത്ത് വന്ന് ഒന്നര ആഴ്ച പിന്നിട്ടിട്ടും കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ക്രൈം ബ്രാഞ്ച് ഇനിയും അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയിട്ടില്ല. വിജിലന്‍സിന്റെ അന്വേഷണവും തുടരുകയാണ്.

Content Highlight: UDF Councillors protest against Mayor Arya Rajendran at TVM Corporation