തിരുവനന്തപുരം: കെ.എസ്.ആര്‍.ടിസി നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് കുപ്പിവെള്ള വിവാദത്തിന് പിന്നിലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഡ്രൈവര്‍ക്ക് പിന്നില്‍ യു.ഡി.എഫ് ആണെന്നും മന്ത്രി ആരോപിച്ചു.
നടപടി നേരിട്ട ഡ്രൈവര്‍ക്ക് ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനെ വെക്കാന്‍ പണം നല്‍കിയത് യു.ഡി.എഫ് യൂണിയനാണ്. കെ.എസ്.ആര്‍.ടി.സി നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്ന യൂണിയനെ അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസിന് പിന്നില്‍ കുപ്പിവെള്ള കുപ്പി സൂക്ഷിച്ചതിന് മന്ത്രി ഗണേഷ് കുമാര്‍ വാഹനം തടഞ്ഞ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
തുടര്‍ന്ന് ഇദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി നേടിയെടുക്കുകയുമായിരുന്നു. സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്നും പൊന്‍കുന്നം ഡിപ്പോയില്‍ തുടരാന്‍ ജയ്‌മോനെ അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. പിന്നാലെയാണ് മന്ത്രി ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
വെള്ളക്കുപ്പി സൂക്ഷിച്ചത് സ്ഥലം മാറ്റം നല്‍കുന്നതിനുള്ള മതിയായ കാരണമല്ലെന്നും തൊഴില്‍ സംസ്‌കാരമാണ് മാറേണ്ടതെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. അമിതാധികരാപ്രയോഗമാണ് കെ.എസ്.ആര്‍.ടിസി നടത്തിയതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം, ബസുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ നിര്‍ദേശം മുമ്പ് തന്നെ നല്‍കിയിരുന്നെന്നും ഡ്രൈവറുടെ സ്ഥലം മാറ്റത്തില്‍ മന്ത്രിക്ക് പങ്കില്ലെന്നും കെ.എസ്.ആര്‍.ടിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപു തങ്കന്‍ വാദിച്ചിരുന്നു.
Content Highlight: UDF behind KSRC bottled water controversy: Ganesh Kumar