ആരും പേടിക്കേണ്ട; എന്തൊക്കെ സംഭവിച്ചാലും ഈ അമ്പും വില്ലും വിട്ടുകൊടുക്കില്ല: ഉദ്ധവ് താക്കറെ
national news
ആരും പേടിക്കേണ്ട; എന്തൊക്കെ സംഭവിച്ചാലും ഈ അമ്പും വില്ലും വിട്ടുകൊടുക്കില്ല: ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th July 2022, 5:07 pm

മുംബൈ: ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പം ചേരുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനക്ക് പാര്‍ട്ടി ചിഹ്നം നഷ്ടപ്പെട്ടേക്കാം എന്ന ചില അഭ്യൂഹങ്ങള്‍ വന്നിരുന്നു.

എന്നാല്‍ ഇത് ചിലര്‍ പറഞ്ഞുപരത്തുന്ന തെറ്റായ വിവരങ്ങളാണെന്നാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. ‘പാര്‍ട്ടിയുടെ ചിഹ്നത്തെ കുറിച്ച് ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിയമപ്രകാരം ‘അമ്പും വില്ലും’ ശിവസേനയില്‍ നിന്നും ആര്‍ക്കും എടുത്തുമാറ്റാനാകില്ല. അതേകുറിച്ച് ആരും ആശങ്കാകുലരാകേണ്ട. പുതിയ പാര്‍ട്ടി ചിഹ്നത്തെ കുറിച്ച് ആലോചിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല,’ ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിട്ടുണ്ട്. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ടാണ് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുന്നതെന്നും അതുകൊണ്ട് ജനങ്ങള്‍ക്ക് തങ്ങളുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയതിനെതിരെ ഉദ്ധവ് താക്കറെ സമര്‍പ്പിച്ച ഹരജി ജൂലൈ 11നായിരിക്കും സുപ്രീം കോടതി പരിഗണിക്കുക.

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ഉദ്ധവ് താക്കറെ നൂറിലധികം സീറ്റുകളില്‍ വിജയിക്കുമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിമത എം.എല്‍.എമാരോട് ജനങ്ങള്‍ക്ക് വെറുപ്പാണെന്നും ശിവസേനയെ പണം കൊണ്ടോ അധികാരം കൊണ്ടോ കീഴടക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയാണ് യഥാര്‍ത്ഥ ശിവസേനയെന്നും റാവത്ത് പറഞ്ഞു.

ഷിന്‍ഡെ സര്‍ക്കാര്‍ ആറ് മാസത്തിലധികം ഭരണത്തിലിരിക്കില്ലെന്നും അതിനുള്ളില്‍ തന്നെ രാജിവെക്കേണ്ടിവരുമെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറും പറഞ്ഞിരുന്നു. നിലവിലെ സംവിധാനത്തില്‍ ഷിന്‍ഡെയെ പിന്തുണച്ച വിമത എം.എല്‍എമാര്‍ അതൃപ്തരാണെന്നും അതിനാല്‍ തന്നെ ഇവരുടെ പിന്തുണയോടുകൂടി അധികാരത്തിലെത്തിയ സര്‍ക്കാര്‍ അധിക കാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പൊന്നും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന് 200ല്‍ അധികം സീറ്റുകള്‍ നേടുമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ തിരിച്ചുപോകുമെന്നും നിയമസഭയില്‍ വിശ്വാസവോട്ട് നേടിയതിന് ശേഷം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് ശിവസേനയും എന്‍.സി.പിയും രംഗത്തുവന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ദേവേന്ദ്ര ഫഡ്നാവിസാണ് ഉപമുഖ്യമന്ത്രി. ബി.ജെ.പി നേതാവായ രാഹുല്‍ നര്‍വേക്കറാണ് സ്പീക്കര്‍.

Content Highlight: Uddhav Thackeray says no one can take away party symbol Bow and Arrow