ചെന്നൈ: ദീപാവലി ദിനത്തില്‍ വിശ്വാസികളായവര്‍ക്ക് ആശംസകള്‍ നേര്‍ന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ ബി.ജെ.പി. ഉദയനിധി ഹിന്ദുമത വിശ്വാസികളോട് വിവേചനം കാണിക്കുകയാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണെന്നും ബി.ജെ.പി ആരോപിച്ചു.
ഹിന്ദുക്കളുടെ ഉത്സവങ്ങളില്‍ അവരെ അഭിവാദ്യം ചെയ്യാന്‍ പോലും ഡി.എം.കെ സര്‍ക്കാര്‍ സാമാന്യ മര്യാദ കാണിച്ചില്ലെന്ന് തമിഴ്‌നാട് ബി.ജെ.പി വക്താവ് എ.എന്‍.എസ് പ്രസാദ് വിമര്‍ശിച്ചു.
ഡി.എം.കെയെ ഹിന്ദുവിരുദ്ധപാര്‍ട്ടിയെന്നും പ്രസാദ് അവഹേളിച്ചു. അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ എല്ലാ പൗരന്മാരേയും സമത്വത്തോടെ പരിഗണിക്കണം. ഡോ. ബി.ആര്‍. അബേദ്കര്‍ സൂക്ഷ്മതയോടെ തയ്യാറാക്കിയ ഭരണഘടന ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഹിന്ദു ഉത്സവങ്ങള്‍ക്ക് ആശംസകള്‍ നേരാനുള്ള സാമാന്യ മര്യാദപോലും ഡി.എം.കെ ഭരണകൂടത്തിനില്ല. ഹിന്ദു വിശ്വാസത്തിനെതിരെ നിരന്തരമായ വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഡി.എം.കെയെന്നും പ്രസാദ് പറഞ്ഞു.
ദീപാവലി ആശംസകള്‍ നേരാന്‍ ആളുകള്‍ മടിക്കുന്നുണ്ട്. ഒരു വേദിയില്‍ വെച്ച് തനിക്ക് ആശംസകള്‍ നേരണോ വേണ്ടയോ എന്ന് ആളുകള്‍ സംശയിച്ചിരുന്നു. ആശംസ നേര്‍ന്നാല്‍ തനിക്ക് ഇഷ്ടമാകുമോ എന്ന് അവര്‍ ഭയന്നെന്നും എന്നാല്‍ താന്‍ വിശ്വാസമുള്ളവര്‍ക്ക് ദീപാവലി ആശംസ നേരുകയായിരുന്നെന്നുമായിരുന്നു ഉദയനിധിയുടെ വാക്കുകള്‍.
ഉപമുഖ്യമന്ത്രിയുടെ ഈ പരാമര്‍ശമാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. ഉദയനിധിയുടെ വാക്കുകളെ അപലപിച്ച് മുന്‍ഗവര്‍ണറും തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബി.ജെ.പി നേതാവുമായ തമിഴിസൈ സൗന്ദരരാജനും രംഗത്തെത്തി.
മറ്റുമതങ്ങളില്‍ നിന്നുള്ളവരെ അഭിവാദ്യം ചെയ്യുമ്പോള്‍ അത് വിശ്വസിക്കുന്നവര്‍ക്കുള്ളതാണെന്ന് നിങ്ങള്‍ പറയില്ല. എന്നാല്‍ ഹിന്ദുമതത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം അത് വിശ്വസിക്കുന്നവര്‍ക്കുള്ളതാണെന്ന് ഉദയനിധിയും ഡി.എം.കെയും പറയുന്നുവെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
‘സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും സമ്മതിച്ചാലും ഇല്ലെങ്കിലും അവര്‍ അടിസ്ഥാനപരമായി ഹിന്ദുക്കളാണ്. വിശ്വാസികള്‍ക്ക് മാത്രമായി ഞങ്ങള്‍ ആശംസ നേരാനാഗ്രഹിക്കുന്നില്ല. ഉദയനിധിയുടെ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നു.’, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് തമിഴിസൈ പറഞ്ഞു.
Content Highlight: Udayanidhi Stalin wishes Diwali to believers; BJP accuses DMK of anti-Hindu party